തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ശക്തമായ മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് ഹവാല ഇടപാടുകൾ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണെങ്കിൽ എന്തുകൊണ്ട് മുഖ്യമന്ത്രി ഇക്കാര്യം തന്നെ അറിയിച്ചില്ലെന്ന് ഗവർണർ ചോദിച്ചു. മുഖ്യമന്ത്രി ദി ഹിന്ദു ദിനപ്പത്രത്തിന് നൽകിയ അഭിമുഖം ആയുധമാക്കി രൂക്ഷമായ ഭാഷയിലാണ് ഗവർണർ രംഗത്ത് വന്നത്.
പൊലീസ് വെബ്സൈറ്റിലും ഇക്കാര്യങ്ങൾ പറയുന്നുണ്ട്. മുഖ്യമന്ത്രിയെയാണോ ദി ഹിന്ദു ദിനപ്പത്രത്തെയാണോ ആരെയാണ് പിആർ വിവാദത്തിൽ വിശ്വസിക്കേണ്ടത്? ഹിന്ദുവാണ് കള്ളം പറയുന്നതെങ്കിൽ അവർക്കെതിരെ മുഖ്യമന്ത്രി എന്തുകൊണ്ട് കേസെടുത്തില്ല? തനിക്ക് വിശദീകരണം നൽകാൻ മുഖ്യമന്ത്രിക്ക് ഭരണഘടന ബാധ്യത ഉണ്ട്. രാഷ്ട്രപതിയെ വിവരങ്ങൾ അറിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തം.
തനിക്ക് അധികാരം ഉണ്ടോ ഇല്ലയോ എന്ന് ഉടൻ അറിയും. തൻ്റെ കത്തിനു മറുപടി തരാൻ 20 ലേറെ ദിവസം മുഖ്യമന്ത്രി എടുത്തെന്നും അത് എന്തോ ഒളിക്കാനുള്ളത് കൊണ്ടാണെന്നും ഗവർണർ വിമർശിച്ചു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗവർണർക്ക് കത്തയച്ചിരുന്നു. വിവരങ്ങൾ അറിയിക്കുന്നതിൽ ബോധപൂർവമായ വീഴചയില്ലെന്നും തനിക്ക് ഒന്നും മറയ്ക്കാനില്ലെന്നും ഗവർണർക്ക് മുഖ്യമന്ത്രി മറുപടി നൽകി.
ഗവർണറെ എല്ലാ കാര്യങ്ങളും കൃത്യമായി അറയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിൽ ബോധപൂർവമായ വീഴ്ച വരുത്തിയിട്ടില്ല. ദേശവിരുദ്ധ പരാമർശം താൻ നടത്തിയിട്ടില്ല. സ്വർണക്കടത്ത് തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഇത് കൂടുതലായും കേന്ദ്രത്തിന്റെ ചുമതലയാണ്. സ്വർണക്കടത്ത് തടയുന്നതിനുള്ള നടപടികൾ ഫലപ്രദമായി സ്വീകരിക്കാൻ കേന്ദ്രത്തോട് ഗവർണർ ആവശ്യപ്പെടണമെന്നും ഗവർണർക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി വിശദീകരിക്കുന്നു.