മനുഷ്യന്‍റെ തലച്ചോറ് കയ്യില്‍ പിടിച്ചാല്‍ എങ്ങനെയിരിക്കും എന്നു ചിന്തിച്ചു നോക്കിയിട്ടുണ്ടോ? എങ്കില്‍ അത് നേരിട്ട് അനുഭവിക്കാം! ബംഗളൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ (നിംഹാൻസ്) സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ ബ്രെയിൻ മ്യൂസിയം ആളുകള്‍ക്കായി അത്തരമൊരു അനുഭവമാണ് ഒരുക്കുന്നത്. മനുഷ്യമസ്തിഷ്കത്തിന്‍റെ സങ്കീര്‍ണ്ണമായ ഘടന കാണാനും അതിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും ഈ മ്യൂസിയത്തിനുള്ളില്‍ സാധിക്കും. നിംഹാൻസിലെ ന്യൂറോ പാത്തോളജി വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. എസ്.കെ ശങ്കറാണ് മസ്തിഷ്ക മ്യൂസിയത്തിനു പിന്നില്‍. മുപ്പതു വര്‍ഷത്തോളം, മസ്തിഷ്കദാനം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുകയും ആയിരക്കണക്കിനാളുകളുടെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതില്‍ മേല്‍നോട്ടം വഹിക്കുകയും ചെയ്ത വിദഗ്ധനാണ് ഡോ. എസ്.കെ ശങ്കര്‍.
പോസ്റ്റ്‌മോര്‍ട്ടം സമയത്ത് നിലനിര്‍ത്തിയ മസ്തിഷ്ക ഭാഗങ്ങളുടെ പഠനം, എം ആര്‍ ഐ സ്കാനുകളില്‍ പോലും കണ്ടെത്താന്‍ കഴിയാതിരുന്ന അദ്ഭുതകരമായ കണ്ടെത്തലുകളിലേക്കു നയിച്ചു. തുടക്കത്തിൽ, ഇങ്ങനെ ലഭിച്ച തലച്ചോറുകൾ മെഡിക്കൽ അധ്യാപനത്തിനു വേണ്ടി മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്, എന്നാൽ ന്യൂറോ സൈക്യാട്രിക് രോഗങ്ങള്‍ മാറ്റുന്നതിനും അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടു കൊണ്ട്, ഈ കണ്ടെത്തലുകള്‍ ഡോക്ടറും സംഘവും ലോകവുമായി പങ്കുവച്ചു. അങ്ങനെയാണ് 2010 ല്‍ മ്യൂസിയം സ്ഥാപിച്ചത്. സുതാര്യമായ പ്ലാസ്റ്റിക് ജാറുകളിൽ സൂക്ഷിച്ചിരിക്കുന്ന 400 മനുഷ്യ മസ്തിഷ്കങ്ങൾ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന കാഴ്ചകള്‍ ഇവിടെ കാണാം. ഏകദേശം 35 വർഷത്തിലേറെ പഴക്കമുള്ള മസ്തിഷ്കങ്ങള്‍ ഇവിടെയുണ്ടെന്നു രേഖകള്‍ പറയുന്നു. തലയ്ക്കുള്ള പരിക്കുകൾ, സെറിബ്രോവാസ്കുലർ രോഗങ്ങൾ, മസ്തിഷ്ക അണുബാധകൾ, ന്യൂറോ ഡിജനറേറ്റീവ് ഡിസോർഡേഴ്സ്, ട്യൂമറുകമൃഗങ്ങളിൽ നിന്നുള്ള തലച്ചോറുകളും ശേഖരത്തിൽ ഉൾപ്പെടുന്നു. മനുഷ്യരുടേത് മാത്രമല്ല, മൃഗങ്ങളിൽ നിന്നുള്ള തലച്ചോറുകളും ഈ ശേഖരത്തിൽ ഉൾപ്പെടുന്നു.
ഒരു യഥാർത്ഥ മനുഷ്യ മസ്തിഷ്കം കൈകൊണ്ട് സ്പർശിക്കാനും അനുഭവിക്കാനുമുള്ള അവസരമാണ് ഈ മ്യൂസിയം സന്ദര്‍ശനം അതുല്യമാക്കുന്ന ഘടകങ്ങളില്‍ ഒന്ന്. ഇത് പലപ്പോഴും ജീവിതം മാറ്റി മറിക്കുന്ന ഒരു അനുഭവമാണ്. പുഴുക്കൾ ബാധിച്ച മസ്തിഷ്കം, പാർക്കിൻസൺസ്, അൽഷിമേഴ്‌സ് രോഗം ബാധിച്ച മസ്തിഷ്കം, പുകവലിക്കാരുടെ ശ്വാസകോശം, നാഡീവ്യവസ്ഥയുടെ സങ്കീർണ്ണത വ്യക്തമാക്കുന്ന ഇലക്‌ട്രോൺ മൈക്രോഗ്രാഫുകൾ എന്നിവ ശേഖരത്തിന്റെ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.സന്ദര്‍ശകര്‍ക്കായി ഗൈഡഡ് ടൂറുകള്‍ ലഭ്യമാണ്. ബുധനാഴ്ചകളിൽ 1 ഗൈഡഡ് ടൂർ : 2:30 pm-5 pm, ശനിയാഴ്ചകളിൽ 2 ഗൈഡഡ് ടൂറുകൾ : 10 am-1 pm, 2:30 pm-4 pm എന്നിങ്ങനെയാണ് ടൂറുകള്‍. മുന്‍കൂര്‍ അനുമതി വാങ്ങി സ്കൂള്‍, കോളേജ് ഗ്രൂപ്പുകള്‍ക്ക് സന്ദര്‍ശിക്കാം. പരമാവധി 35 പേര്‍ അടങ്ങുന്ന ടീമുകള്‍ക്കാണ് ഇങ്ങനെ പ്രവേശനം നല്‍കുന്നത്.
STORY HIGHLLIGHTS: india-first-brain-museum