മുംബൈ: ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ടാറ്റയുടെ ചെയര്‍മാനായ രത്തന്‍ ടാറ്റ ഗുരുതരാവസ്ഥയിലാണെന്നും മുംബൈയിലെ ആശുപത്രിയില്‍ തീവ്രപരിചരണത്തിലാണെന്നും വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
86കാരനായ ടാറ്റ പ്രായവും അനുബന്ധ രോഗാവസ്ഥകളും കാരണമാണ് മെഡിക്കല്‍ പരിശോധനക്ക് വിധേയനായിരിക്കുന്നതെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.
നേരത്തെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും പിന്നീട് അവ തള്ളിയിരുന്നു. തിങ്കളാഴ്‌ച രത്തൻ ടാറ്റയുടെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെയായിരുന്നു ഈ വാർത്തകൾ നിഷേധിച്ചുകൊണ്ട് പോസ്‌റ്റ് പങ്കുവച്ചത്. സാധാരണ മെഡിക്കൽ പരിശോധനക്കയാണ് ആശുപത്രിയിൽ എത്തിയതെന്നും മറ്റ് പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നുമായിരുന്നു പോസ്‌റ്റിൽ പറഞ്ഞിരുന്നത്.
വിഷയവുമായി നേരിട്ട് ബന്ധമുള്ളവരുടെ വിവരം അനുസരിച്ചാണ് റിപ്പോർട്ടെന്നാണ് റോയിറ്റേഴ്‌സ് വ്യക്തമാക്കുന്നത്. എന്നാൽ ടാറ്റ ഗ്രൂപ്പോ രത്തൻ ടാറ്റയുടെ കുടുംബമോ ഇതുമായി ബന്ധപ്പെട്ട് ഒരു പ്രതികരണവും ഇതുവരെ നടത്തിയിട്ടില്ല. മുംബൈയിലെ ഏത് ആശുപത്രിയിലാണ് രത്തൻ ടാറ്റ ചികിത്സയിൽ കഴിയുന്നതെന്നും വ്യക്തമായിട്ടില്ല.