ഡൽഹി: ഹരിയാനയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബി.ജെ.പിയിൽ ചേർന്നു. സാവിത്രി ജിൻഡാൽ, രാജേഷ് ജൂൺ, ദേവേന്ദർ കദ്യൻ എന്നിവരാണ് ബിജെപിയിൽ ചേർന്നത്.
ബഹാദുർഗഡിൽ നിന്ന് മത്സരിച്ച രാജേഷ് ജൂൺ 41,999 വോട്ടുകൾക്കാണ് ബിജെപിയുടെ ദിനേഷ് കൗശിക്കിനെ പരാജയപ്പെടുത്തിയത്. ഗണൗറിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ച ബി.ജെ.പി വിമതൻ ദേവേന്ദർ കദ്യൻ 35,209 വോട്ടുകൾക്ക് കോൺഗ്രസിൻ്റെ കുൽദീപ് ശർമയെ പരാജയപ്പെടുത്തിയിരുന്നു. കുരുക്ഷേത്ര ബിജെപി എംപി നവീൻ ജിൻഡാലിൻ്റെ അമ്മ സാവിത്രി ജിൻഡാലും ഹിസാറിൽ നിന്ന് സ്വതന്ത്രയായി മത്സരിച്ചിരുന്നു. കോൺഗ്രസിന്റെ രാം നിവാസ് രാരയെ 18,941 വോട്ടുകൾക്കാണ് അവർ പരാജയപ്പെടുത്തിയത്.
തുടർച്ചയായി മൂന്നാം തവണയും ഹരിയാനയിൽ ബി.ജെ.പി അധികാരം പിടിച്ചെടുത്തതിന് പിന്നാലെയാണ് സ്വതന്ത്ര എംഎൽഎമാർ ബി.ജെ.പിയിൽ ചേർന്നത്. ഇതോടെ ഹരിയാനയിൽ ബിജെപിയുടെ അംഗസംഖ്യ 51 ആയി ഉയർന്നു.