ന്യൂഡൽഹി: ഇന്ത്യക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ ബംഗ്ലാദേശിന് 222 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ മുന്‍നിര തകര്‍ന്നടിഞ്ഞെങ്കിലും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുമായി തകര്‍ത്തടിച്ച നിതീഷ് കുമാര്‍ റെഡ്ഡിയുടെയും റിങ്കു സിംഗിന്‍റെയും ബാറ്റിംഗ് മികവിൽ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തു.
പവർപ്ലെയിൽ മൂന്ന് വിക്കറ്റുകൾ നഷ്ടമായ ഇന്ത്യ മധ്യഓവറുകളിൽ കളിയിലേക്ക് തിരിച്ചുവരികയായിരുന്നു. സഞ്ജു സാംസൺ(10), അഭിഷേക് ശർമ(15), ക്യാപ്റ്റൻ സൂര്യകുമാർ യാദവ്(8) എന്നിവരെ നഷ്ടമായ ഇന്ത്യ ഒരു ഘട്ടത്തിൽ 41-3 എന്ന നിലയിലായിരുന്നു.
നാലാം വിക്കറ്റിൽ ഒത്തുചേർന്ന നിതീഷ് -റിങ്കു കൂട്ടുകെട്ടാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. രണ്ടാം ടി20 മാത്രം കളിക്കുന്ന നിതീഷ് കുമാർ റെഡ്ഡി 34 പന്തിൽ ഏഴ് സിക്‌സറും നാല് ഫോറും സഹിതം 74 റൺസ് നേടി ടോപ് സ്‌കോററായി. 29 പന്തിൽ മൂന്ന് സിക്‌സറും അഞ്ച് ബൗണ്ടറിയും സഹിതം 53 റൺസെടുത്ത റിങ്കു മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് 49 പന്തിൽ 108 റൺസ് കൂട്ടുകെട്ടാണ് ചേർത്തത്്. നിതീശ് പുറത്തായ ശേഷം ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യ കഴിഞ്ഞ മാച്ചിൽ നിർത്തിയിടത്ത് നിന്ന് തുടങ്ങി. തുടരെ ബൗണ്ടറികളും സിക്‌സറും പറത്തായി ഹാർദിക് 19 പന്തിൽ 32 റൺസ് അടിച്ചെടുത്തു.
ഗ്വാളിയോറിൽ 29 റൺസെടുത്ത സഞ്ജുവിന് ഡൽഹിയിൽ മികച്ച ഇന്നിങ്‌സിലേക്ക് ബാറ്റുവീശാനായില്ല. ഏഴ് പന്തുകൾ നേരിട്ട താരം പത്തുറൺസെടുത്ത് പുറത്തായി. ടസ്‌കിൻ അഹമ്മദിന്റെ സ്ലോപന്തിൽ ബാറ്റുവീശിയ മലയാളി താരം നജ്മുൽ ഹുസൈൻ ഷാന്റോക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.
റീഷാദ് ഹൊസൈന്‍ എറിഞ്ഞ അവസാന ഓവറില്‍ ഇന്ത്യക്ക് മൂന്ന് വികറ്റുകള്‍ നഷ്ടമായി.ബംഗ്ലാദേശിനായി റിഷാദ് ഹൊസൈന്‍ 55 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മുസ്തഫിസുര്‍ റഹ്മാനും തന്‍സിം ഹസന്‍ സാക്കിബും നാലോവറില്‍ 16 റണ്‍സിന് രണ്ട് വിക്കറ്റുമായി ടസ്കിന്‍ അഹമ്മദും തിളങ്ങി.