ന്യൂഡൽഹി: ഹരിയാന തെരഞ്ഞെടുപ്പ് ഫലത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. 20 മണ്ഡലങ്ങളിൽ ഇ വി എം മെഷീനുകളിലെ അപാകത അന്വേഷിക്കണമെന്നാണ് പരാതിയിൽ പറയുന്നത്. ഈ സീറ്റുകളിലെ ഫലം മരവിപ്പിച്ച് പരിശോധിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് കോൺഗ്രസ് നീക്കം.
നിലവിൽ ഏഴ് മണ്ഡലങ്ങളിൽ നടന്ന ക്രമക്കേടുകളുടെ വിവരങ്ങളും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.13 മണ്ഡലങ്ങളിലെ അപാകത സംബന്ധിച്ച് പരാതി ഉടൻ നൽകും. ക്രമക്കേടിൽ സമഗ്രമായ അന്വേഷണമാണ് ഞങ്ങൾ ആവശ്യപ്പെടുന്നതെന്ന് കോൺഗ്രസ് നേതാവ് പവൻ ഖരെ പ്രതികരിച്ചു.
ഹിസാർ, മഹേന്ദ്രഗഡ്, പാനിപ്പത്ത് ജില്ലകളിൽ വോട്ടിങ് മെഷീനിൽ കൃത്രിമം നടന്നു എന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ഫലം പുറത്തുവന്നതിന് പിന്നാലെ വോട്ടിങ് മെഷീന്റെ ബാറ്ററി അടക്കം മാറ്റിയതിലും വോട്ടെണ്ണൽ വൈകിയതിലും കോൺഗ്രസ് സംശയമുന്നയിച്ചിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞ മെഷീനുകളിൽ എങ്ങനെ 99 ശതമാനം ചാർജ്ജ് കാണിക്കും എന്നാണ് കോൺഗ്രസ് ഉയർത്തിയ ചോദ്യം. നിരവധി സീറ്റുകളിൽ ഇത്രയും ചാർജ്ജ് കാണിച്ച മെഷീനുകളിൽ വോട്ട് ബിജെപിക്ക് പോയെന്നും കെസി വേണുഗോപാലിൻറെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
ഇതിനിടെ കോൺഗ്രസ് നിലപാടിനോട് വിയോജിച്ച ‘ഇന്ത്യ’ മുന്നണിയിലെ സഖ്യ കക്ഷികൾ തോൽവിക്ക് കോൺഗ്രസിൻറെ ധാർഷ്ട്യം കാരണമായെന്ന് വിമർശിച്ചു. കോൺഗ്രസിൻറെ ധാർഷ്ട്യവും മറ്റു കക്ഷികളെ അംഗീകരിക്കാത്ത നയവും തിരിച്ചടിയായെന്ന് തൃണമൂൽ കോൺഗ്രസ് ആഞ്ഞടിച്ചു. അമിത ആത്മവിശ്വാസമാണ് കോൺഗ്രസിനെ തോൽപിച്ചതെന്ന് ശിവസേനയും പരസ്യമായി പ്രതികരിച്ചു.