നിരവധി അദ്ഭുതങ്ങളാണ് മഹാബലിപുരത്തേക്ക് എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്. അതിമനോഹരമായ തീരക്ഷേത്രം മുതൽ ഒലക്കണ്ണേശ്വര ക്ഷേത്രം വരെ സഞ്ചാരികളെ കാത്തിരിക്കുന്നത് പൗരാണികതയും സംസ്കാരവും നിറഞ്ഞ ഒരു നഗരമാണ്. ഇതിന്റെയെല്ലാം ഇടയിൽ സഞ്ചാരികളെ ഓരോ തവണയും ആകർഷിക്കുന്നതാണ് കൃഷ്ണന്റെ ബട്ടർബോൾ അഥവാ വെണ്ണപ്പന്ത്. അസാധാരണമായ വലുപ്പത്തിലുള്ള ഗ്രാനൈറ്റ് റോക്ക് ആണ് കൃഷ്ണന്റെ വെണ്ണപ്പന്ത് എന്ന പേരിൽ അറിയപ്പെടുന്നത്. കഴിഞ്ഞ 1,200 വർഷമായി ഈ കല്ല് ഒരേ നിൽപ്പാണ്, സുനാമിയോ ഭൂകമ്പമോ ഒന്നും ഇതിനെ ബാധിച്ചില്ല.
250 ടൺ ഭാരമുള്ള കല്ലിന് 20 അടി ഉയരവും പതിനാറ് അടി വീതിയുമാണ് ഉള്ളത്. ഒരു കുന്നിൻ ചെരിവിലാണ് ഈ കല്ലിന്റെ സ്ഥാനമെന്നതാണ് ആളുകളിൽ ഇത്രയേറെ ആശ്ചര്യവും അദ്ഭുതവും സൃഷ്ടിക്കുന്നത്. ‘ആകാശദൈവത്തിന്റെ കല്ല്’ എന്നർത്ഥം വരുന്ന ‘വാൻ ഇറൈ കാൽ’ എന്നാണ് തമിഴിൽ ഈ കല്ല് അറിയപ്പെടുന്നത്. ചെരിവിലൂടെ ഈ പാറ ഉരുണ്ടു പോകുമെന്നു തോന്നുമെങ്കിലും കഴിഞ്ഞ 1,200 വർഷമായി ഇത് ഇവിടെ തന്നെയുണ്ട്. പ്രകൃതി മഹാദുരന്തങ്ങൾ പലതു വന്നെങ്കിലും ഇതിന് ഒരു അനക്കം പോലും സംഭവിച്ചിട്ടില്ല.
മഹാബലിപുരത്ത് ഗണേഷ് രഥത്തിനു സമീപത്തായി ഒരു ചെറിയ ചെരിവിലാണ് കൃഷ്ണന്റെ വെണ്ണപ്പന്ത് എന്നറിയപ്പെടുന്ന ഈ പാറ നില കൊള്ളുന്നത്. ഗുരുത്വാകർഷണ നിയമം അനുസരിച്ചു നോക്കുകയാണെങ്കിൽ അതിനെ ലംഘിച്ച് കുത്തനെയുള്ള ചെരിവിലാണ് ഇതു നിലകൊള്ളുന്നത്. പാറയ്ക്ക് ഈ പേര് ലഭിച്ചത് ഹൈന്ദവ പുരാണങ്ങളിൽ നിന്നാണ്. കുഞ്ഞായിരുന്ന സമയത്ത് കൃഷ്ണ ഭഗവാന് വെണ്ണ മോഷ്ടിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു. പാറയുടെ ആകൃതി ഒരു വലിയ വെണ്ണ ഉരുളയുമായി സാമ്യമുള്ളതാണ്. അതുകൊണ്ടാണ് വെണ്ണപ്പന്ത് എന്ന പേര് ലഭിച്ചത്. പ്രാദേശിക ഐതിഹ്യം അനുസരിച്ച് ഒരു ദിവ്യൻ ആണ് ഈ പാറ ഇവിടെ സ്ഥാപിച്ചത്. പല്ലവ രാജാവായ നരസിംഹ വർമൻ ഒന്നാമൻ ആനകളെ ഉപയോഗിച്ച് ഈ കല്ല് നീക്കാൻ ശ്രമിച്ചെന്നും എന്നാൽ അതിൽ പരാജയപ്പെട്ടെന്നും മറ്റൊരു ഐതിഹ്യം പറയുന്നുണ്ട്. എങ്ങനെയാണ് ഈ പാറ ഇവിടെ എത്തിയതെന്ന് ഇപ്പോഴും ആർക്കും ധാരണയില്ല. എന്നാൽ, മനുഷ്യശക്തിക്കു മുമ്പിൽ കീഴ്പ്പെടാതെ നൂറ്റാണ്ടുകളായി ഇത് ഇവിടെ തന്നെ നിലകൊള്ളുകയാണ്.
1908 കാലത്തെ ഒരു റിപ്പോർട്ടിൽ അന്നത്തെ മദ്രാസ് ഗവർണർ ആയിരുന്ന ആർതർ ലാവ് ലി ഈ പാറയെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നതായി വ്യക്തമാക്കുന്നു. ഒരു ഗ്രാമത്തിനു മുകളിൽ കുന്നിൻ മുകളിലായുള്ള ഈ പാറയെക്കുറിച്ച് അദ്ദേഹത്തിന് ആശങ്ക ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് പാറ തൽസ്ഥാനത്ത് നിന്ന് നീക്കാൻ ഏഴ് ആനകളെ അയച്ച് അദ്ദേഹം ശ്രമിച്ചു. എന്നാൽ, ആനകൾക്ക് ആ പാറ നീക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല അത് അതിന്റെ യഥാർത്ഥ സ്ഥാനത്ത് തുടരുകയും ചെയ്തു. കൃഷ്ണന്റെ വെണ്ണപ്പന്ത് എന്നറിയപ്പെടുന്ന ഈ പാറ രൂപപ്പെട്ടിരിക്കുന്നത് ഗ്നെയിസ് എന്നു വിളിക്കപ്പെടുന്ന ഗ്രാനൈറ്റ് കൊണ്ടാണ്. ഇത് ഈടു നിൽക്കുന്നതും മണ്ണൊലിപ്പിനെ പ്രതിരോധിക്കുന്നതുമാണ്. എന്നാൽ, ഭൗതികശാസ്ത്ര നിയമങ്ങളെ ധിക്കരിക്കുന്ന തരത്തിലാണ് ഈ പാറയുടെ കിടപ്പ്. അതു തന്നെയാണ് ഈ രൂപപ്പെടലിനെ ഇത്രയധികം ശ്രദ്ധേയമാക്കുന്നത്. പാറയുടെ ആകൃതി, കുന്നിന്റെ ചെരിവ്, പാറയും ഭൂമിയും തമ്മിലുള്ള പ്രകൃത്യാലുള്ള ഘർഷണം എന്നിവ കാരണമാണ് ഇത്തരമൊരു വിശേഷപ്പെട്ട സ്ഥിതിവിശേഷം ഈ പാറയ്ക്കുള്ളതെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.
യുനെസ്കോയുടെ മാമല്ലപുരത്തെ ലോക പൈതൃക കേന്ദ്രങ്ങളുടെ ഭാഗമാണ് ഈ പാറയും. ഹൈന്ദവ വിശ്വാസപ്രകാരം പല്ലവ രാജവംശം ഏഴ് – എട്ട് നൂറ്റാണ്ടുകളിലാണ് ഇവിടെയുള്ള സ്മാരകങ്ങൾ പണി കഴിപ്പിച്ചത്. ഏതായാലും ശാസ്ത്രത്തെ പോലും വെല്ലുവിളിച്ച ഈ പാറ ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷിത ദേശീയ സ്മാരകങ്ങളിൽ ഒന്നാണ്. ലിവർ തത്വമാണ് പാറയുടെ ഈ സ്ഥിരനിൽപ്പിനു കാരണമെന്നാണ് ഭൗതികശാസ്ത്രത്തിന്റെ കണ്ടെത്തൽ. പാറയുടെ വൃത്താകൃതിയും കുന്നിന്റെ ചെരുവും ഇതിന്റെ ഭാരം താങ്ങിനിർത്താൻ ഒരു കേന്ദ്രബിന്ദുവിനെ സൃഷ്ടിച്ചിരിക്കുന്നു. അതാണ്, ഇത്രയധികം വലുപ്പമുണ്ടായിട്ടും അതു താഴേക്ക് ഉരുളാതെ അവിടെ തന്നെ നിൽക്കുന്നത്. തീരക്ഷേത്രവും പഞ്ചരഥവും അർജുനന്റെ തപസും അങ്ങനെ എത്ര വ്യത്യസ്തമായ കാഴ്ടകളാണ് മഹാബലിപുരത്ത് സഞ്ചാരികളെ കാത്തിരിക്കുന്നത്. ശിവന് സമർപ്പിച്ചിരിക്കുന്ന പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് തീരക്ഷേത്രം. മനോഹരമായ തീരത്തിനും ഗംഭീരമായ വാസ്തുവിദ്യയ്ക്കും പ്രസിദ്ധമാണ് ഇത്.
പുരാതന വാസ്തുവിദ്യയുടെ വിസ്മയങ്ങൾ വ്യക്തമാക്കുന്ന ഒന്നാണ് പഞ്ചരഥങ്ങൾ. ഇതിലെ ഓരോ സ്മാരകങ്ങളും ഒരു രഥത്തോട് സാമ്യമുള്ളതാണ്. മാത്രമല്ല ഓരോ രഥവും ഓരോ പാറയിൽ കൊത്തിയെടുത്തതാണ്. അതുകൊണ്ടാണ് ഇതിനെ പഞ്ചരഥങ്ങൾ എന്ന് വിശേഷിപ്പിക്കുന്നത്. എന്നാൽ നിർമാണം പൂർത്തിയാകാത്തതിനാൽ ഇതിന്റെ ഉദ്ദേശ്യം അറിയില്ല. മഹാഭാരതത്തിലെയും ഹിന്ദു പുരാണങ്ങളിലെയും നിരവധി രംഗങ്ങൾ കൊത്തു പണിയിലൂടെ ചിത്രീകരിച്ചിരിക്കുന്ന ഭീമാകാരമായ ഒരു പാറയാണ് അർജുനന്റെ തപസ് എന്നറിയപ്പെടുന്നത്. ഇതും സഞ്ചാരികളുടെ ഒരു ആകർഷണ കേന്ദ്രമാണ്. മഹാബലിപുരം ബീച്ച് മനോഹരമായ ഒരു അനുഭവമാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഇവിടെ സന്ദർശിക്കുന്നതെങ്കിൽ മഹാബലിപുരം നൃത്ത മഹോത്സം ആസ്വദിക്കാവുന്നതാണ്. മീനമ്പാക്കത്തുള്ള ചെന്നൈ രാജ്യാന്തര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ചെങ്കൽപെട്ട് റെയിൽവേ സ്റ്റേഷൻ. ചെന്നൈ, പോണ്ടിച്ചേരി, മധുരൈ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്ന് മഹാബലിപുരത്തേക്ക് എപ്പോഴും ബസ് സർവീസ് ലഭ്യമാണ്.
STORY HIGHLLIGHTS: Discover the Gravity-Defying Marvel of Mahabalipuram: Krishna’s Butterball Awaits.