ദുര്‍ഗ്ഗാ പൂജ ഏറ്റവും മനോഹരമായി ആഘോഷിക്കുന്ന ഇന്ത്യയിലെ പ്രധാന നഗരമാണ് കൊല്‍ക്കത്ത. സന്തോഷത്തിന്‍റെ നഗരമായ ഇവിടെ സന്ദര്‍ശിക്കുവാനും ഇവിടുത്തെ വൈവിധ്യങ്ങള്‍ മനസ്സിലാക്കുവാനും പറ്റിയ കാലയളവ് കൂടിയാണ് ദുര്‍ഗ്ഗാപൂജയും നവരാത്രിക്കാലവും. ഈ സമയത്ത് ഇവിടുത്തെ ഓരോ കോണുകളും ഓരോ കലാപ്രദര്‍ശന കേന്ദ്രങ്ങളായി പരിണമിക്കുന്ന കാഴ്ച വളരെ രസകരമാണ്. പന്തല്‍ നിര്‍മ്മാണവും വലിയ ആഘോഷങ്ങളും കൂടിച്ചേരുന്നതാണ് ഇവിടുത്തെ ഓരോ ദുര്‍ഗാപൂജ കാലവും.
എന്നാല്‍ ആഘോഷം തീരുന്നതോടെ ഇവിടുത്തെ പന്തലുകള്‍ക്കും ദുര്‍ഗ്ഗാ രൂപങ്ങള്‍ക്കും എന്ത് സംഭവിക്കുന്നു എന്നറിയാമോ!
ഓരോ നവരാത്രക്കാല ആഘോഷങ്ങള്‍ക്കു ശേഷവും ബാക്കിയാവുന്ന ഏറ്റവും മികച്ച ദുര്‍ഗ്ഗാ രൂപങ്ങള്‍ വരുന്ന ഇടമാണ് കൊല്‍ക്കത്തയിലെ ദുര്‍ഗാ മ്യൂസിയം. നഗരത്തിലെ ഏറ്റവും മികച്ച ദുര്‍ഗ്ഗാ രൂപങ്ങളെയാണ് ഇവിടെ പ്രദര്‍ശനത്തിനായി വയ്ക്കുന്നത്. മാ ഫില്‍ എലോ (അമ്മയുടെ മടങ്ങിവരവ്) എന്നും ഈ പ്രദര്‍ശനം അറിയപ്പെടുന്നു. നഗരത്തിലെ പ്രസിദ്ധമായ ദുര്‍ഗ്ഗാ പൂജാ കമ്മിറ്റികള്‍ ഒരുക്കിയ ശില്പങ്ങളാണ് ഇവിടെ ഈ മ്യൂസിയത്തില്‍ കാണുവാന്‍ സാധിക്കുക. നക്താല ഉദയൻ സംഘ, ബോസ്പുക്കൂർ തൽബഗൻ എന്നിവയുൾപ്പെടെയുള്ള കമ്മിറ്റികളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പ്രശസ്ത ശില്പങ്ങള്‍ ഇവിടെ കാണാം.
ഇവിടെ മ്യൂസിയത്തില്‍ വയ്ക്കേണ്ട ശില്പങ്ങള്‍ സര്‍ക്കാരാണ് തിരഞ്ഞെടുക്കുന്നത്. കൊല്‍ക്കത്തയില്‍ എത്തുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണിത്.
ദക്ഷിണ കൊൽക്കത്തയിലെ രബീന്ദ്ര സരോവർ കോംപ്ലക്‌സിനുള്ളിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. 2012 -ൽ സ്ഥാപിതമായ ഈ മ്യൂസിയം പ്രശസ്തമായ പന്തലുകളിൽ നിന്ന് അതിശയകരമായ ചില കലാസൃഷ്ടികളും ദുർഗാദേവിയുടെ വിഗ്രഹങ്ങളും സംരക്ഷിക്കുന്നു. ഇവിടെ ആയിരിക്കുമ്പോൾ, ഒരു ഗോപുരവും ടെറാക്കോട്ട കുതിരയും ഉൾപ്പെടെ രസകരമായ ചില കലാസൃഷ്ടികൾ നിങ്ങൾക്ക് കാണാം. ഓപ്പൺ എയറിൽ നടത്തിയ ഇൻസ്റ്റാളേഷനുകൾക്കായി സമർപ്പിച്ചിരിക്കുന്ന ഒരു വിഭാഗവും ഇവിടെ പ്രദര്‍ശനത്തിനുണ്ട്.
STORY HIGHLLIGHTS :durga-museum-in-kolkata-attractions-specialities-and-how-to-reach