കണ്ണൂർ: മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ അസാധാരണ പ്രതിഷേധം. സിവിൽ പൊലീസ് ഓഫീസർമാർ കൂട്ടത്തോടെ സ്ഥലംമാറ്റ അപേക്ഷ നൽകി. ദേശാഭിമാനി ലേഖകന്റെ പരാതിയിൽ അഞ്ച് പൊലീസുകാരെ സ്ഥലംമാറ്റിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സ്ഥലംമാറ്റ അപേക്ഷ നൽകിയതെന്നാണ് വിവരം. മട്ടന്നൂർ സ്റ്റേഷനിൽ ജോലി തുടരാനാകില്ലെന്നാണ് പരാതി.
ആത്മാർഥമായി ജോലി ചെയ്ത ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. അത് കഠിനമായ മാനസിക സമ്മർദം ഉണ്ടാക്കി. സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിക്കുന്നു. അതിനാൽ മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ ജൊലി ചെയ്യുക എന്നത് സാധ്യമല്ലാതാകുന്നു. അതുകൊണ്ട് ജില്ലയിലെ ഏതെങ്കിലും സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ ചെയ്യണമെന്നാണ് ഉദ്യോഗസ്ഥരുടെ അപേക്ഷയിൽ പറയുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച പോളിടെക്‌നിക് കോളജ് തെരഞ്ഞെടുപ്പിനിടെ സംഘർഷം ഉണ്ടായിരുന്നു. തുടർന്ന് പൊലീസ് ലാത്തി വീശുകയും ചെയ്തു. ഇതിനിടെ സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ ദേശാഭിമാനി മട്ടന്നൂർ ലേഖകനെ പൊലീസ് അകാരണമായി പിടിച്ചുകൊണ്ടു പോവുകയും ചെയ്തിരുന്നു.
സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ദേശാഭിമാനി ലേഖകൻ ശരത്തിന് മർദനമേറ്റത്. പൊലീസ് അകാരണമായി മർദിച്ചെന്നായിരുന്നു ആരോപണം. തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും ഭീകരവാദിയെപ്പോലെ വലിച്ചിഴച്ചെന്നും ഇടിവണ്ടിയിലേക്ക് കൊണ്ടുപോയി മർദിച്ചെന്നും ശരത് ആരോപിച്ചിരുന്നു.
പിന്നാലെ സംഭവത്തിൽ പ്രാദേശിക നേതൃത്വം ഇടപെടുകയും ചെയ്തു. തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലമാറ്റുകയുണ്ടായത്. മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ കണ്ണൂർ സിറ്റി പൊലീസ് ഹെഡ്ക്വട്ടേഴ്‌സിലേക്ക് സ്ഥലം മാറ്റിയത്.