കോട്ടയം: ലയന സാധ്യത തള്ളി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. യുഡിഎഫിലേക്ക് ഇനിയൊരു തിരിച്ചു പോക്കില്ല. കെ എം മാണിയുടെ രാഷ്ട്രീയം അംഗീകരിച്ചാൽ ആർക്കും കടന്നുവരാമെന്നും ജോസ് കെ മാണി പറഞ്ഞു.
എന്തുകൊണ്ടാണ് ഞങ്ങൾ ഇടതുമുന്നണിയുടെ ഭാഗമായത്. യുഡിഎഫിൽ നിന്ന് പുറത്താക്കിയതല്ലെന്ന് പറയാൻ കഴിയുമോയെന്ന് ജോസ് കെ മാണി ചോദിച്ചു.
അതേസമയം തുറന്നിട്ട വാതിലുകൾ അടയ്ക്കുന്നതാണ് നല്ലതെന്ന് ആയിരുന്നു കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫിന്റെ മറുപടി. അവർ തുറന്നിട്ട വാതിലൂടെ അവർ കയറിയിറങ്ങട്ടേ. വേറെ ആർക്കാ കയറേണ്ടത്. ഞങ്ങൾക്കാർക്കും കയറേണ്ട കാര്യമില്ലെന്ന് മോൻസ് ജോസഫ് പറഞ്ഞു.
ജോസ് കെ മാണിയെ യുഡിഎഫിലേക്ക് ക്ഷണിക്കുന്നില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു. യുഡിഎഫിൽ നിൽക്കുന്ന കേരള കോൺഗ്രസിനാണ് ഇനി പ്രസക്തിയുള്ളൂവെന്ന് ഉറച്ചുവിശ്വസിക്കുന്നുവെന്ന് മോൻസ് ജോസഫ് പറഞ്ഞു.