ദുബായ്: വനിത ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം ജയം. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 82 റൺസിന്റെ ജയമാണ് ഇന്ന് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 173 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ലങ്ക 19.5 ഓവറിൽ 90 റൺസിന് ഓൾഔട്ടായി.
ജയത്തോടെ ഇന്ത്യ സെമി സാധ്യത നിലനിർത്തി. 21 റൺസെടുത്ത കാവിഷ ദിൽഹാരിയാണ് ലങ്കയുടെ ടോപ് സ്‌കോറർ. മലയാളി താരം ആശ ശോഭനയും അരുന്ധതി റെഡ്ഡിയും മൂന്ന് വിക്കറ്റ് വീതം നേടി ലങ്കയെ പ്രതിരോധത്തിലാക്കി.
അനുഷ്‌ക സഞ്ജീവനി(20), അമ കാഞ്ചന(19) എന്നിവർക്ക് മാത്രമാണ് ലങ്കൻ നിരയിൽ രണ്ടക്കം കാണാനായത്. വമ്പൻ ജയത്തോടെ ഇന്ത്യ നാലു പോയന്റുമായി പാകിസ്ഥാനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് കയറി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റൻ ഹര്‍മൻപ്രീത് കൗറിന്‍റെയും സ്മൃതി മന്ദാനയുടെയും അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തത്. 27 പന്തില്‍ 52 റണ്‍സുമായി പുറത്താകാതെ നിന്ന ഹര്‍മന്‍പ്രീതാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. സ്മൃതി 38 പന്തില്‍ 50 റണ്‍സടിച്ചപ്പോള്‍ ഷഫാലി വര്‍മ 40 പന്തില്‍ 43 റണ്‍സടിച്ചു.ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോടേറ്റ തോല്‍വിയോടെ സെമി സാധ്യതകള്‍ക്ക് തിരിച്ചടിയേറ്റ ഇന്ത്യക്ക് അവസാന മത്സരത്തില്‍ കരുത്തരായ ഓസ്ട്രേലിയക്കൂടി തോല്‍പ്പിച്ചാലെ സെമി ഉറപ്പിക്കാനാവു.