മുതുകുളം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ അക്രമിയുടെ കുത്തേറ്റു മരിച്ച ഹൗസ് സർജൻ ഡോ. വന്ദന ദാസിന്റെ പേരിൽ വന്ദനയുടെ മേടയിൽ കുടുംബ വീട്ടിൽ തുടങ്ങുന്ന ക്ലിനിക്കിന്റെ ഉദ്ഘാടനം ഇന്നു വൈകിട്ട് 4ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. രാവിലെ 7ന് പ്രാർഥനാ ഹാൾ സമർപ്പണവും മെഡിക്കൽ ക്യാംപ് ഉദ്ഘാടനവും കേന്ദ്ര മന്ത്രി സുരേഷ്ഗോപി നിർവഹിക്കും
മിതമായ നിരക്കിൽ മികച്ച ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വന്ദനയുടെ പേരിൽ രക്ഷിതാക്കളായ കെ.ജി മോഹൻദാസും വസന്തകുമാരിയും ചേർന്നു ക്ലിനിക് തുടങ്ങുന്നത്. ദിവസവും രാവിലെയും വൈകിട്ടുമായി ഓരോ ഡോക്ടർമാർ ഒപിയിൽ ഉണ്ടാകും. മാസത്തിലൊരിക്കൽ പ്രമുഖ ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കും. വന്ദനയുടെ സുഹൃത്തുക്കളും രോഗികളെ ചികിത്സിക്കാൻ എത്തുമെന്നു രക്ഷിതാക്കൾ പറഞ്ഞു. ലാബ്, ഫാർമസി തുടങ്ങിയ സൗകര്യങ്ങളും ക്ലിനിക്കിൽ ഉണ്ട്. ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും ശമ്പളം പൂർണമായും വന്ദനയുടെ വീട്ടുകാർ തന്നെയാണു നൽകുന്നത്.