തിരുവനന്തപുരം: റേഷൻ കടകളിൽ എത്തി മസ്റ്ററിങ് നടത്തിയെങ്കിലും എഇപിഡിഎസ് പോർട്ടൽ നിരസിച്ച മഞ്ഞ, പിങ്ക് കാർഡുകളിലെ ഗുണഭോക്താക്കൾ റേഷൻ കാർഡ് മാനേജ്മെന്റ് സിസ്റ്റത്തിലെ രേഖകളിൽ ആവശ്യമായ തിരുത്തലുകൾ നടത്തേണ്ടിവരുമെന്നു മന്ത്രി ജി.ആർ അനിൽ പറഞ്ഞു. ഇതിനു ശേഷമാണ് അത്തരക്കാരുടെ ഇ കെവൈസി അപ്ഡേഷൻ (ഇലക്ട്രോണിക് സംവിധാനം വഴി ഗുണഭോക്താവിനെ തിരിച്ചറിയുക) അഥവാ മസ്റ്ററിങ് പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്നതെന്നു നിയമസഭയിൽ മന്ത്രി വ്യക്തമാക്കി.
ആധാർ നമ്പർ പരസ്പരം മാറിപ്പോയതും എന്നാൽ പോർട്ടലിൽ അപ്രൂവ് ചെയ്തതുമായ പരാതികൾ പരിഹരിക്കും. പഠനാവശ്യം മറ്റു സംസ്ഥാനങ്ങളിൽ താമസിക്കുന്നവർക്ക് അവിടെ പൊതുവിതരണ കേന്ദ്രങ്ങളിൽ മസ്റ്ററിങ് നടത്താമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. അല്ലാത്തവർക്കു നിശ്ചിത സമയപരിധിക്കകം നാട്ടിലെത്തി മസ്റ്ററിങ് പൂർത്തിയാക്കാം. ഇതിനായി പരമാവധി സമയം അനുവദിക്കും.
തൊഴിൽ ആവശ്യാർഥം വിദേശത്ത് താമസിക്കുന്നവരെ എൻആർകെ സ്റ്റാറ്റസ് (നോൺ റസിഡന്റ് കേരള) നൽകി കാർഡിൽ നിലനിർത്തും. അവർ അടിയന്തരമായി മസ്റ്ററിങ് ചെയ്യാനായി സംസ്ഥാനത്ത് എത്തേണ്ടതില്ല. മസ്റ്ററിങ് പൂർത്തിയാക്കാൻ 2 മാസം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര സർക്കാരിന് കത്ത് നൽകും. മസ്റ്ററിങ് പൂർത്തിയാകുമ്പോൾ ഉണ്ടാകുന്ന മുൻഗണനാ കാർഡ് അംഗങ്ങളുടെ ഒഴിവിലേക്ക് അർഹരായവരെ പരിഗണിക്കും. ഇന്നലെ വൈകിട്ടു വരെ, ആകെയുള്ള 1.53 കോടി മുൻഗണനാ കാർഡ് ഗുണഭോക്താക്കളിൽ 1.24 കോടി പേർ (80.67%) മസ്റ്ററിങ് നടത്തിയെന്നും മന്ത്രി പറഞ്ഞു.