Kerala

തൃശൂർ പൂരം വിവാദം: ഉന്നത ഉദ്യോഗസ്ഥർക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന് ദേവസ്വം | Thrissur Pooram Controversy: Devaswoms Demand CBI Inquiry Against Senior Officials

തൃശൂർ: പൂരം തടസ്സപ്പെടുത്താൻ വനംവകുപ്പ് സ്പെഷൽ പ്ലീഡറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്നും ഇവർക്കെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു തിരുവമ്പാടി – പാറമേക്കാവ് ദേവസ്വം സെക്രട്ടറിമാർ മുഖ്യമന്ത്രിക്കു നിവേദനം നൽകി. ആനകളിൽ നിന്നു തീവെട്ടികൾ, താളമേളങ്ങൾ എന്നിവ 50 മീറ്റർ അകലത്തിൽ പിടിക്കണമെന്ന വനംവകുപ്പിന്റെ വിവാദ സർക്കുലറിലെ നിബന്ധനയാണു പൂരം നടത്തിപ്പിലുണ്ടായ പ്രതിസന്ധിക്കു പ്രധാന കാരണമെന്നു നിവേദനത്തിൽ പറയുന്നു. ഗവ. പ്ലീഡറെ തൽസ്ഥാനത്തു നിന്നു മാറ്റിനിർത്തണമെന്നും മറ്റ് ആരോപണവിധേയരുടെ പ്രവർത്തനങ്ങൾ, വരുമാന സ്രോതസ്സ്, വിദേശബന്ധങ്ങൾ, ഫോൺ രേഖകൾ എന്നിവ അന്വേഷിക്കണമെന്നുമാണ് ആവശ്യം.

ഇതേസമയം, വനംവകുപ്പ് ഗവ. സ്പെഷൽ പ്ലീഡറും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമാണു പൂരം അട്ടിമറിക്കു പിന്നിലെന്നു തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ കോമൺ ഫോറം നിലപാടെടുത്തതോടെ പൊലീസിനും സർക്കാരിനുമെതിരായ ഗൂഢാലോചന ആരോപണങ്ങൾ ദുർബലമായെന്നു സൂചനയുണ്ട്. കോമൺ ഫോറത്തിന്റെ പേരിൽ തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ്കുമാറും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷുമാണ് മുഖ്യമന്ത്രിക്കു നിവേദനം നൽകിയത്. പൂരം തടസ്സപ്പെട്ടതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പൊലീസിനു പങ്കുണ്ടെന്നുമുള്ള ദേവസ്വം ഭാരവാഹികളുടെ ആരോപണം സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു.

ഇക്കാര്യത്തിൽ ഏതാനും ദിവസം മുൻപു വരെ ശക്തമായ പ്രതിഷേധമുന്നന്നയിച്ചിരുന്ന തിരുവമ്പാടി ദേവസ്വം നിലപാടു മയപ്പെടുത്തി. പൂരം കലക്കൽ വിവാദം പൂർണമായും പൊലീസിന്റെ തലയിൽ കെട്ടിവയ്ക്കുന്നതിനോടു യോജിപ്പില്ലെന്നും പൂരം തകർക്കാനുള്ള ഗൂഢാലോചന തെളിയിക്കാൻ സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു പാറമേക്കാവ് ദേവസ്വത്തിന്റെ നിലപാട്. എന്നാൽ, പൂരദിവസം രാവിലെ മഠത്തിലേക്കുള്ള എഴുന്നള്ളിപ്പു മുതൽ എല്ലാറ്റിനും തടസ്സം നിന്നതു പൊലീസ് ആണെന്നായിരുന്നു തിരുവമ്പാടി ദേവസ്വത്തിന്റെ വിമർശനം.