Kerala

കൈക്കൂലി ചോദിച്ച സംഭവം: ഡോ. വിനീതിനെതിരെ ആരോഗ്യവകുപ്പ് ഇന്ന് നടപടിയെടുക്കും

പത്തനംതിട്ട: കൈക്കൂലി ചോദിച്ചതിൽ പത്തനംതിട്ട അടൂർ ജനറൽ ആശുപത്രിയിലെ അസിസ്റ്റൻറ് സർജൻ ഡോക്ടർ വിനീതിനെതിരെ ആരോഗ്യവകുപ്പ് ഇന്ന് നടപടിയെടുക്കും. ഗൗരവമേറിയ പരാതി അറിഞ്ഞിട്ടും പൂഴ്ത്തിവെച്ച ആശുപത്രി സൂപ്രണ്ടിനെതിരെയും ഡിഎംഒ നൽകിയ അന്വേഷണ റിപ്പോർട്ടിൽ കടുത്ത പരാമർശമുണ്ട്.

സെപ്റ്റബർ 17 നാണ് ഭിന്നശേഷിക്കാരിയായ വിജയശ്രീ സഹദോരിയുമായി അടൂർ ജനറൽ ആശുപത്രിയിലെത്തിയത്. അസി. സർജനായ ഡോ. വിനീതിനെ കണ്ടു. തുടർന്നാണ് ഡോക്ടർ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്തേക്ക് ക്ഷണിച്ചത്. 12 ആയിരം രൂപ കൈക്കൂലിയും ആവശ്യപ്പെട്ടു. പണം നൽകാതെ വന്നപ്പോൾ ചികിത്സ നിഷേധിച്ചെന്നാണ് വിജയശ്രീ പറയുന്നത്. സെപ്റ്റംബർ 25 ന് അതേ ആശുപത്രിയിലെ മറ്റൊരു സർജനായ ഡോ. ശോഭ ശസ്ത്രക്രിയ നടത്തി. രേഖാമൂലം അന്ന് തന്നെ ആശുപത്രി സൂപ്രണ്ടിന് ശബ്ദരേഖ ഉൾപ്പെടെ പരാതി നൽകിയെന്നാണ് വിജയശ്രീ പറയുന്നത്. കൈക്കൂലി ചോദിക്കുന്ന ശബ്ദരേഖ ഉൾപ്പെടെ എല്ലാം കേട്ടിട്ടും അറിഞ്ഞിട്ടും ആശുപത്രി സൂപ്രണ്ട് നടപടി എടുത്തില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

പരാതി നല്കി രണ്ടാഴ്ച കഴിഞ്ഞും ഒരു വകുപ്പ് തല അന്വേഷണവും സൂപ്രണ്ട് നടത്തിയില്ലെന്നാണ് പരാതിക്കാരി പറയുന്നത്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പരാതി പൂഴ്ത്തിവെച്ചു. ആരോഗ്യമന്ത്രി പറഞ്ഞത് അനുസരിച്ച് ഡോക്ടർ വിനീതിനെതിരായ അന്വേഷണം നടത്തിയ ജില്ലാ മെഡിക്കൽ ഓഫീസർ നൽകിയ റിപ്പോർട്ടിൽ സൂപ്രണ്ട് വരുത്തിയ വീഴ്ചയെ കുറിച്ചും പറയുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ പ്രതിഷേധമുണ്ടായപ്പോഴാണ് ഗുരുതര സ്വഭാവമുള്ള പരാതിയെ അറിഞ്ഞതെന്ന് ഡിഎംഒ പറയുന്നു. വകുപ്പിന് തന്നെ ആകെ നാണക്കേട് ഉണ്ടായ സംഭവത്തിൽ സൂപ്രണ്ട് ഡോ. ജെ. മണികണ്ഠനെതിരെ നടപടി വരുമെന്നാണ് വിവരം.