ഫീനിക്സ്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജയം ആർക്കെന്നു പ്രവചിക്കാൻ വളരെ പ്രയാസമുള്ള സംസ്ഥാനങ്ങളിളിലൊന്നായ അരിസോനയിൽ മുൻകൂർ വോട്ടിങ് തുടങ്ങി. നവംബർ 5 ആണ് വോട്ടെടുപ്പു തീയതിയെങ്കിലും നേരത്തേ വോട്ടുചെയ്യാൻ താൽപര്യമുള്ളവർക്ക് പ്രത്യേക പോളിങ് കേന്ദ്രത്തിലെത്തി വോട്ടുചെയ്യാനുള്ള സൗകര്യമാണ് നിലവിൽവന്നത്. നവംബർ 5നു തൊട്ടുമുൻപുള്ള വെള്ളിയാഴ്ച വരെ മുൻകൂർ വോട്ടു ചെയ്യാം.
2020 ലെ തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനെതിരെ വെറും 10,457 വോട്ടുകളുടെ ഭൂരിപക്ഷം നേടി ജോ ബൈഡൻ ജയിച്ച സംസ്ഥാനമാണ് അരിസോന. ഇത്തവണയും ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസും റിപ്പബ്ലിക്കൻ സ്ഥാനാർഥി ട്രംപും തമ്മിൽ കനത്തപോരാട്ടമാണു നടക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അരിസോനയിലെ 80% വോട്ടർമാരും തപാൽ വോട്ട്, മുൻകൂർ വോട്ട് സൗകര്യം പ്രയോജനപ്പെടുത്തി. ഫലം പ്രവചനാതീതമായ ജോർജിയ, മിഷിഗൻ, നോർത്ത് കാരലൈന, നെവാഡ എന്നീ സംസ്ഥാനങ്ങളിൽ അടുത്തയാഴ്ച മുൻകൂർ വോട്ടിങ് ആരംഭിക്കും. ഇതിനിടെ ഒക്‌ലഹോമയിൽ, നവംബർ 5ന് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട അഫ്ഗാൻ സ്വദേശിയെ എഫ്ബിഐ അറസ്റ്റ് ചെയ്തു. ഇസ്‍ലാമിക് സ്റ്റേറ്റ് ആശയങ്ങളിൽ ആകൃഷ്ടനായി ആക്രമണം പദ്ധതിയിട്ട യുവാവാണു പിടിയിലായത്.