മലയാള നടീനടന്മാരുടെ സംഘടനയാണ് അമ്മ. മലയാള സിനിമയിലെ ഒരുമാതിരിപ്പെട്ട അഭിനേതാക്കള്‍ എല്ലാവരും തന്നെ അമ്മയുടെ ഭാഗമാണ്. ഒരുകാലത്ത് അമ്മയുടെ ഭാഗമായിരുന്ന നടനായിരുന്നു സുരേഷ് ഗോപി. എന്നാല്‍ കുറെ വര്‍ഷങ്ങള്‍ അദ്ദേഹം അമ്മ എന്ന സംഘടനയുമായി നേരിട്ട് സഹകരിച്ചിരുന്നില്ല. അതിനുള്ള കാരണങ്ങള്‍ പല ഭാഗത്തുനിന്നും പല രീതിയില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് സുരേഷ് ഗോപി ഒരു പ്രമുഖ മാധ്യമത്തിനു കൊടുത്ത അഭിമുഖത്തില്‍ എന്തുകൊണ്ടാണ് താന്‍ അമ്മയില്‍ നിന്നും മാറിനിന്നു എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കി.
സുരേഷ് ഗോപിയുടെ മറുപടി ഇങ്ങനെ;
‘എന്തുകൊണ്ടാണ് ഞാന്‍ അമ്മയില്‍ സഹകരിക്കാത്തത് എന്നുള്ള കാര്യം അവര്‍ക്ക് നല്ലപോലെ അറിയാം. ഞാന്‍ 1997ല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ അവതരിപ്പിച്ച സ്റ്റേജ് പരിപാടിയാണ് അറേബ്യന്‍ ഡ്രീംസ്. അത് സൂപ്പര്‍ ഹിറ്റ് പ്രോഗ്രാം ആയിരുന്നു. നാട്ടില്‍ വന്നു കഴിഞ്ഞപ്പോള്‍ ട്രിവാന്‍ഡ്രത്തെ ക്യാന്‍സര്‍ സെന്റര്‍, കണ്ണൂര്‍ അംഗന്‍വാടികള്‍ക്ക് കൊടുക്കാന്‍ വേണ്ടി, അതുപോലെ പാലക്കാട് കളക്ടറുടെ തന്നെ ധന ശേഖരണത്തിന്റെ ഒരു പരിപാടിക്ക് വേണ്ടി.. ഒരു നയാ പൈസ ശമ്പളം വാങ്ങാതെ ഞാന്‍ പോയി നാല് മണിക്കൂര്‍ ഷോ ഇവിടെ ചെയ്തു കൊടുത്തു. അപ്പോള്‍ ആ സമയത്ത് ഞാന്‍ അമ്മയില്‍ പറഞ്ഞിരുന്നു ഈ ഷോ ചെയ്യുന്ന ആള് ഒരു നാലോ അഞ്ചോ ലക്ഷം രൂപ അമ്മയ്ക്ക് തരും എന്ന്.’
‘ഞാനോ കല്‍പ്പനയോ ബിജു മേനോനോ നയാ പൈസ ശമ്പളം മേടിച്ചിട്ടില്ല. ബാക്കിയുള്ളവര്‍ ശമ്പളം വാങ്ങിച്ചു. ഈ 5 സ്റ്റേജ് ചെയ്തതില്‍ അമമ്മയില്‍ നിന്ന് ചോദ്യം വന്നു. അമ്മയുടെ മീറ്റിംഗില്‍ ജഗദീഷേട്ടനും അമ്പിളിച്ചേട്ടനും കൂടി എന്നെ ഇരുത്തി പൊരിച്ചു. എനിക്ക് അന്ന് ഈ ശൗര്യം ഇല്ല. ഞാന്‍ അന്ന് ശരിക്കും പാവമായിരുന്നു. അപ്പോള്‍ അമ്പിളിച്ചേട്ടന്‍ ചോദിച്ചു, അങ്ങേരടച്ചില്ല, അങ്ങേരടച്ചില്ല എന്ന് പറയാതെ അങ്ങേരടക്കാത്തിടത്ത് താന്‍ അടയ്ക്കുമോ എന്ന് ചോദിച്ചു. ആ താന്‍ ഞാന്‍ പൊറുക്കില്ല. എനിക്കത് ഭയങ്കര വിഷമമായിപ്പോയി. അപ്പോള്‍ എനിക്ക് തിരിച്ചു പറയേണ്ടി വന്നു, അമ്പിളി ചേട്ടാ അയാള്‍ അടച്ചില്ലെങ്കില്‍ ഞാന്‍ അടയ്ക്കുമെന്ന്. എന്ന് പറഞ്ഞിട്ട് ഞാന്‍ അവിടെ നിന്നും ഇറങ്ങിപ്പോയി. എന്നിട്ടും ആ ആള് അത് അടച്ചില്ല.’
‘അപ്പോള്‍ എനിക്ക് അമ്മയില്‍ നിന്ന് നോട്ടീസ് വന്നു. രണ്ട് ലക്ഷം രൂപ പെനാലിറ്റി അടയ്ക്കണമെന്ന്. എന്റെ കുഞ്ഞുങ്ങളുടെ കാശ് എടുത്ത് ഞാന്‍ അത് അടച്ചു. പക്ഷേ അന്ന് ഞാന്‍ പറഞ്ഞു, ഞാന്‍ ശിക്ഷിക്കപ്പെട്ടവന്‍ ആണ് അസോസിയേഷനില്‍, ഇനി ഒരു ഭാരവാഹിത്വവും ഞാന്‍ അവിടെ ഏറ്റെടുക്കില്ല, ഞാന്‍ മാറി നില്‍ക്കും എന്ന്. പക്ഷെ അമ്മയില്‍ നിന്ന് അന്വേഷിക്കും. ഇപ്പോഴും അവിടെ ഒരു തീരുമാനമെടുക്കുമെങ്കില്‍ എന്റെ അടുത്ത് ഡിസ്‌കസ് ചെയ്തിട്ടേ എടുക്കൂ. ഇന്നച്ഛന്‍ എന്നെ എത്ര തവണ വിളിച്ചു, നീ ഇതിന്റെ പ്രസിഡന്റ് ആകണം എന്ന് പറഞ്ഞ്. ഞാന്‍ പറഞ്ഞു, അത് പറ്റില്ല.. കാരണം ഞാന്‍ ശിക്ഷ വാങ്ങിപ്പോയി. എനിക്കിനി അവിടെ പറ്റില്ല.’ സുരേഷ് ഗോപി പറഞ്ഞു.