തിരുവനന്തപുരം: ദേശദ്രോഹ കുറ്റകൃത്യം നടന്നെങ്കില്‍ അത് മുഖ്യമന്ത്രി അറിയിക്കണമായിരുന്നെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ദ ഹിന്ദു പത്രത്തിലെ മുഖ്യമന്ത്രിയുടെ അഭിമുഖം വീണ്ടും ആയുധമാക്കുകയായിരുന്നു ഗവർണർ. മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടമായി. താൻ ചീഫ് സെക്രട്ടറിയെ വിശദീകരണം തേടുന്നതിനായി വിളിപ്പിച്ചാൽ എന്താണ് കുഴപ്പം?. എന്തിനാണ് രാജ്ഭവനോട് പ്രശ്നം?. മുഖ്യമന്ത്രി മറുപടി തന്നില്ലെങ്കില്‍ ചീഫ് സെക്രട്ടറിയോട് അല്ലാതെ മറ്റാരോട് ചോദിക്കും? എന്തിന് ഹിന്ദു പത്രത്തെ അവിശ്വസിക്കണമെന്നും ഗവര്‍ണര്‍ ചോദിച്ചു.
അഭിമുഖത്തിലെ പരാമര്‍ശം മുഖ്യമന്ത്രി പറഞ്ഞതല്ലെങ്കിൽ എന്തുകൊണ്ട് ദ ഹിന്ദു പത്രത്തിനെതിരെ നടപയിയില്ലെന്നും ഗവര്‍ണര്‍ ചോദിച്ചു. മുഖ്യമന്ത്രി എല്ലാ വിവരങ്ങളും തന്നാൽ രാഷ്ട്രപതിയെ അറിയിക്കുംമെന്നും അത് തന്‍റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സ്വർണക്കടത്ത് തടയേണ്ടത് കസ്റ്റംസ് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കസ്റ്റംസ് നടപടികളിൽ പോരായ്മ ഉണ്ടെങ്കിൽ എന്ത് കൊണ്ട് മുമ്പ് ഇക്കാര്യം അറിയിച്ചില്ലെന്ന് ഗവര്‍ണര്‍ ചോദിച്ചു.
സർക്കാർ ആവശ്യങ്ങൾക്ക് വേണ്ടി ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥരും രാജഭവനിൽ വരുമെന്നും എന്നാൽ താൻ വിളിപ്പിക്കുമ്പോള്‍ മാത്രം എന്താണ പ്രശ്നമെന്നും ഗവര്‍ണര്‍ ചോദിച്ചു. ഗവര്‍ണറെ സര്‍ക്കാര്‍ ഇരുട്ടിൽ നിര്‍ത്തുകയാണെന്നും ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചു. മുഖ്യമന്ത്രിയെ തള്ളി ദി ഹിന്ദുവിനെ വിശ്വാസത്തിലെടുത്താണ് ഗവർണ്ണറുടെ തുടർച്ചയായ ആക്രമണം. മുഖ്യമന്ത്രിയുടെ ദേശവിരുദ്ധ പരാമർശത്തിൽ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകുമെന്ന് ഇന്ന് വീണ്ടും ഗവര്‍ണര്‍ ആവര്‍ത്തിച്ചു.
പിആർ ഏജൻസി വഴിയുള്ള അഭിമുഖമെന്ന ദി ഹിന്ദു വിശദീകരണമാണ് ഗവർണ്ണറുടെ പ്രധാന ആയധും. എന്ത് കൊണ്ട് വിശദീകരണം തള്ളുന്നില്ലെന്ന് ചോദിച്ച് അഭിമുഖത്തിലെ ദേശവിരുദ്ധ പരാമർശത്തിൽ ഏതറ്റം വരെയും പോകുമെന്നാണ് ഗവര്‍ണറുടെ മുന്നറിയിപ്പ്. എന്നാൽ ദ ഹിന്ദു ഖേദപ്രകടനം നടത്തിയിട്ടും പറയാത്ത കാര്യത്തിൽ പിടിച്ചുള്ള ഗവർണ്ണറുടെ നീക്കത്തിന് പിന്നിൽ രാഷ്ട്രീയമെന്നാണ് സർക്കാറും സിപിഎമ്മും കരുതുന്നത്.
ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിച്ചുവരുത്താൻ തനിക്ക് അധികാരമുണ്ടെന്ന ഉറച്ച നിലപാടിലാണ് ഗവർണ്ണർ.. ഇനിയും ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താനോ മുഖ്യമന്ത്രിക്കെതിരെ കൂടുതൽ കടുപ്പിച്ചാലോ വാർത്താ സമ്മേളനം വിളിച്ച് തിരിച്ചടിക്കാനാണ് പിണറായിയുടെ നീക്കം. പക്ഷെ അധികാരം കാണിച്ചുതരാമെന്ന് പറയുന്ന ഗവർണ്ണർ ഏതറ്റം വരെ പോകുമെന്നാണ് ഇനി അറിയേണ്ടത്.
content highlight: governor-arif-muhammad-khan-says