India

വയനാട് ദുരന്തത്തില്‍ കേന്ദ്ര സഹായം: കെ.വി തോമസ് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനുമായി ചര്‍ച്ച നടത്തി

വയനാട് ദുരന്തത്തില്‍ കേന്ദ്ര സഹായം അടിയന്തരമായി ലഭ്യമാക്കണമെന്നും ജി.എസ്.ടിയുമായി ബന്ധപ്പെട്ട് കേരളം ഉന്നയിച്ച കാര്യങ്ങളില്‍ തീരുമാനം വേഗത്തില്‍ എടുക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമനുമായി ചര്‍ച്ചനടത്തി. കേന്ദ്ര ധനമന്ത്രിയുടെ ഓഫീസില്‍ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.

വയനാട് സഹായം ലഭ്യമാക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രിയുമായി സംസാരിച്ച് എത്രയും വേഗം തീരുമാനം എടുക്കുമെന്ന് കെ.വി തോമസിന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കി. കേരളത്തിന് ശേഷം പ്രകൃതി ദുരന്തം ഉണ്ടായ പല സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സഹായം ലഭ്യമായിട്ടും കേരളത്തിന് ഇപ്പോഴും സഹായം ലഭിച്ചിട്ടില്ലെന്ന് കെ.വി തോമസ് കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കേന്ദ്ര- കേരള മാനദണ്ഡങ്ങളില്‍ ചില വ്യത്യാസങ്ങള്‍ ഉള്ളതുകൊണ്ടാണ് ഈ കാലതാമസം എന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

ജി.എസ്.ടിയുമായി ബന്ധപ്പെട്ട് സംസ്ഥാന ധനമന്ത്രിയുമായി പലതവണ സംസാരിച്ചുണ്ടെന്നും ഇനിയുള്ള കാര്യങ്ങളില്‍ വേണ്ടിവന്നാല്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. പ്പോഴുള്ള കേന്ദ്ര-സംസ്ഥാന റേഷ്യോ 60-40 എന്നത് 50-50 എന്ന് ആക്കണമെന്നും സെസുകളും സര്‍ചാര്‍ജുകളും സാവധാനത്തില്‍ ഒഴിവാക്കി എല്ലാ വരുമാനങ്ങളുടെയും ഒരു നിശ്ചിത ശതമാനം സംസ്ഥാനങ്ങള്‍ക്കും ലഭ്യമാക്കണമെന്നതാണ് കേരളത്തിന്റെ നിലപാട്.
സംസ്ഥാന വികസനത്തിനും മറ്റ് സാമ്പത്തിക ആവശ്യങ്ങള്‍ക്കുമായി കടമെടുക്കുന്ന കാര്യത്തില്‍ കേന്ദ്രത്തില്‍നിന്ന് കുറച്ചുകൂടി ഉദാര സമീപനം ഉണ്ടാകണമെന്നും കേരളം ആവശ്യപ്പെട്ടു. ഇതെല്ലാം താമസിയാതെ പരിഹരിക്കാമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി കെവി തോമസിന് ഉറപ്പുനല്‍കി.

content highlights;Central help in Wayanad disaster: KV Thomas held discussion with Union Minister Nirmala Sitharaman