ഇന്ന് പലരേയും അലട്ടുന്ന പ്രധാന പ്രശ്നമാണ് മെെഗ്രേയ്ൻ. മൈഗ്രേയ്ൻ എന്നത് വിട്ടുമാറാത്ത ന്യൂറോളജിക്കൽ ഡിസോർഡർ അല്ലെങ്കിൽ ക്രമേക്കേട് ആണെന്ന് വേണമെങ്കിൽ പറയാം. ഏറ്റവും വേദന അനുഭവപ്പെടുന്ന തലവേദനയാണെന്നാണ് മൈഗ്രേയ്ന് നൽകാവുന്ന വിശേഷണം. മെെഗ്രേയ്ൻ തുടങ്ങുമ്പോൾ കടുത്ത വേദനയോടൊപ്പം ചിലർക്ക് ഛർദ്ദിയും മുഖമാകെ തരിപ്പുമെല്ലാം അനുഭവപ്പെടും. സന്ധ്യയോടെ തുടങ്ങുന്ന തലവേദന രാത്രിയോടെ കൂടുകയും നിങ്ങളെ കൂടുതൽ അസ്വസ്ഥമാക്കുകയും ചെയ്യുന്നു. ഉറക്കം നഷ്ടപ്പെടുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രശ്നം. തലവേദന വന്നാൽ ഉറപ്പായും അത് നിങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിന് കാരണമാകും. അടിക്കടി തലവേദന ഉണ്ടാവുന്ന ആളുകൾ പലരും സംശയിക്കുന്ന കാര്യമാണ് അത് മൈഗ്രേൻ മൂലമാണോ എന്നത്. ഇത് സ്വയമേ നിർണ്ണയിക്കുക അല്പം പ്രയാസമുള്ള കാര്യമാണ്. സാധാരണ തലവേദനയോട് ഏതാണ്ട് അതേ സാമ്യമുള്ളതാണ് മൈഗ്രൈനിൻ്റെ ലക്ഷണങ്ങളും.
മൈഗ്രേൻ ഉണ്ടാകാനുള്ള പ്രധാന കാരണം
മൈഗ്രെയ്ൻ മൂലം തലവേദന ഉണ്ടാവുന്നതിന് പിന്നിലെ കാരണങ്ങൾ ഓരോ ആളുകളിലും വ്യത്യസ്തമായിരിക്കും. ജീവിതശൈലിയുമായി ബന്ധപ്പെട്ട ചില ഘടകങ്ങൾ ഈ അവസ്ഥയെ ബാധിക്കും എന്ന് പറയുന്നു. സാധാരണ ഗതിയിൽ മൈഗ്രെയ്ൻ ഉണ്ടാക്കുന്ന കാരണങ്ങളിൽ സമ്മർദ്ദം, ഭക്ഷണം കാലാവസ്ഥ മാറ്റങ്ങൾ അല്ലെങ്കിൽ ക്രമരഹിതമായ ഉറക്കം, കഫീൻ അല്ലെങ്കിൽ മദ്യപാനം, നിർജ്ജലീകരണം തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ചോക്ലേറ്റ്, ചീസ്, പാലുൽപ്പന്നങ്ങൾ, തുടങ്ങിയവയും ശക്തമായ സുഗന്ധം ഉള്ള ഭക്ഷണങ്ങൾ, ശോഭയുള്ള ലൈറ്റുകൾ, ഉച്ചത്തിലുള്ള ശബ്ദങ്ങൾ തുടങ്ങിയവയൊക്കെ ചിലരിൽ മൈഗ്രേയ്ൻ ഉണ്ടാകുന്നതിന് കാരണമാകാറുണ്ട്.
സ്ത്രീകളുടെ കാര്യത്തിൽ ആർത്തവം, ഗർഭധാരണം അല്ലെങ്കിൽ ആർത്തവവിരാമം തുടങ്ങിയ കാലഘട്ടങ്ങളിൽ ഉണ്ടാകാനിടയുള്ള ഈസ്ട്രജൻ, പ്രൊജസ്ട്രോൺ ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകളും മൈഗ്രെയ്ൻ കാരണമാകും.
ലക്ഷണങ്ങൾ
മൈഗ്രേയ്ന് പ്രധാനമായും ഓക്കാനം, അസിഡിറ്റി, ഛർദ്ദി, പ്രകാശത്തോടുള്ള തീവ്രമായ സംവേദനക്ഷമത, ശബ്ദത്തോടുള്ള സംവേദനക്ഷമത, തലകറക്കം എന്നിവയോടു കൂടിയ ലക്ഷണങ്ങൾ ഉണ്ടാവുന്നു. വിവിധ ഘട്ടങ്ങളിലും മൈഗ്രേയിൻ ലക്ഷണങ്ങൾ വ്യത്യാസപ്പെടാനുള്ള സാധ്യതയുണ്ട്. മണിക്കൂറുകളോളം നീണ്ടു നിൽക്കാൻ ശേഷിയുള്ള പല ശാരീരിക ബുദ്ധിമുട്ടുകൾക്കും കാരണമാകുന്ന ഒന്നാണ് മൈഗ്രേയ്ൻ. ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന തരത്തിൽ വേദന വളരെ കഠിനമായത് ആയിരിക്കും ഇത്.
മൈഗ്രേയ്ൻ ചികിത്സ രീതി
മൈഗ്രേയ്ൻ ആരംഭം മുതൽ തന്നെ അതിനെ നിയന്ത്രിച്ചു നിർത്താനും കടുത്ത രീതിയിലേക്ക് എത്താതിരിക്കാനും ലക്ഷണങ്ങൾ ലഘൂകരിക്കാനും ലക്ഷ്യമിട്ടുള്ള ചികിത്സകൾ സ്വീകരിക്കാൻ കഴിയും. മൈഗ്രേയ്ൻ ചികിത്സകൾ ഓരോ രോഗിയെയും അടിസ്ഥാനമാക്കിയുള്ളതാണ്. രോഗലക്ഷണങ്ങൾ, രോഗത്തിന്റെ ആവൃത്തി, തീവ്രത, മറ്റ് സാധ്യതാഘടകങ്ങൾ, രോഗിയെ സംബന്ധിച്ച മുൻഗണനകൾ, കൂടാതെ രോഗി മറ്റെന്തെങ്കിലും മരുന്നുകൾ കഴിക്കുന്നുണ്ടോ എന്നിവ ഉൾപ്പെടെ വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു ഇതിന്റെ ചികിത്സാവിധികൾ.
STORYY HIGHLIGHT: migraine