Kerala

ലഹരിക്കേസ്: പ്രയാഗയെ ചോദ്യംചെയ്യുന്നു; ശ്രീനാഥ് ഭാസി മടങ്ങി

കൊച്ചി: ഗുണ്ടാനേതാവ് ഓംപ്രകാശ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരുക്കിയ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസിയെ പൊലീസ് ചോദ്യം ചെയ്തു. വ്യാഴാഴ്ച രാവിലെയാണ് നടൻ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. മുഖം മറച്ചാണ് ശ്രീനാഥ് ഭാസി പൊലീസിന് മുന്നിലെത്തിയത്.

കൊച്ചി മരട് പൊലീസ് സ്റ്റേഷനിൽ അഞ്ചുമണിക്കൂറിലേറെ സമയം പൊലീസ് ഭാസിയെ ചോദ്യം ചെയ്തു. ലഹരി ഉപയോഗിക്കാറില്ലെന്നും ഓം പ്രകാശുമായി ബന്ധമില്ലെന്നും ഭാസി വ്യക്തമാക്കി. കസ്റ്റഡിയിലുള്ള ബിനു ജോസഫുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. ശ്രീനാഥ് ഭാസിയുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായിട്ടുണ്ട്.

ചോദ്യം ചെയ്യലിനുശേഷം ശ്രീനാഥ് ഭാസി മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് പ്രയാ​ഗ എത്തിയത്. കൊച്ചി എസിപി ഓഫീസിലാണു ചോദ്യംചെയ്യൽ നടക്കുന്നത്. രാവിലെ 10 മണിക്ക് ഹാജരാകാനാണ് പൊലീസ് നിർദേശിച്ചിരുന്നതെങ്കിലും വൈകീട്ടാണ് നടി വന്നത്.

എന്നാൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. വിശദമായ ചോദ്യംചെയ്യൽതന്നെയുണ്ടാകും. അതിന് ശേഷം പോലീസ് തുടർനടപടികളിലേക്ക് കടക്കും. നടൻകൂടിയായ സാബുമോനാണ് പ്രയാ​ഗയ്ക്കുവേണ്ട നിയമസഹായങ്ങൾ ചെയ്യുന്നത്. ചോദ്യംചെയ്യൽ പൂർത്തിയായി പ്രയാ​ഗ ഇറങ്ങിവരുമ്പോൾ കൂടുതൽ പ്രതികരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിൽ ഇരുവരും ലഹരി പാർട്ടിയിൽ പ​ങ്കെടുത്തിരുന്നോയെന്ന് സ്ഥിരീകരിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. കേസിൽ നാലുപേരെ കൂടി അന്വേഷണ സംഘം ബുധനാഴ്ച ചോദ്യം ചെയ്തിരുന്നു. ഓംപ്രകാശിനെ ഫോണിൽ ബന്ധപ്പെട്ട തമ്മനം ഫൈസൽ, ലഹരിപ്പാർട്ടി നടന്ന ഹോട്ടലിൽ എത്തിയ ബ്രഹ്മപുരം സ്വദേശി അലോഷി പീറ്റർ, ഭാര്യ സ്നേഹ, അങ്കമാലി സ്വദേശി പോൾ ജോസ് എന്നിവരെയാണ് ചോദ്യം ചെയ്തത്.

ലഹരിപ്പാർട്ടിയിൽ പ​ങ്കെടുത്ത മറ്റ് 14 പേരുടെ വിവരങ്ങൾ കൂടി ലഭിച്ചിട്ടുണ്ട്. ഇവർക്ക് വരും ദിവസങ്ങളിൽ നോട്ടീസ് നൽകാനാണ് തീരുമാനം. കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ​