മാഡ്രിഡ്: വിരമിക്കല്‍ പ്രഖ്യാപിച്ച് ടെന്നിസ് ഇതിഹാസം റാഫേല്‍ നദാല്‍. അടുത്ത മാസം നടക്കുന്ന ഡേവിസ് കപ്പോടെ കളം വിടുമെന്നാണ് പ്രഖ്യാപനം. 22 ഗ്രാന്‍ഡ് സ്ലാമും ഒളിമ്പിക്‌സ് സ്വര്‍ണവും ഉള്‍പ്പടെ സ്വന്തമാക്കിയ നദാല്‍ ടെന്നിസ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളാണ്.
സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് 38 കാരൻ ടെന്നീസിനോട് വിടപറയുന്നതായി അറിയിച്ചത്. ” ഞാൻ പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിക്കുകയാണ്. വളരെ പ്രയാസമേറിയ കാലഘട്ടമായിരുന്നു കടന്ന് പോയത്. പ്രത്യേകിച്ച് കഴിഞ്ഞ രണ്ട് വർഷം” -താരം വീഡിയോയിൽ പറഞ്ഞു.
വിരമിക്കാനുള്ള തീരുമാനം കടുപ്പമുള്ളതാണെന്നും എന്നാല്‍ ജീവിതത്തില്‍ എല്ലാ തുടക്കങ്ങള്‍ക്കും ഒരു അവസാനം ഉണ്ടെല്ലോ എന്നും അദ്ദേഹം പറഞ്ഞു.
കരിയറില്‍ ഉടനീളം വേട്ടയാടിയിരുന്ന പരിക്ക് കഴിഞ്ഞ രണ്ട് കൊല്ലമായാണ് നദാലിനെ കൂടുതല്‍ പ്രഹരിച്ചത്. പാരിസ് ഒളിമ്പിക്‌സിലാണ് അവസാനമായി കോര്‍ട്ടിലെത്തിയത്. പരിക്ക് വീണ്ടും വലച്ചതോടെയാണ് അനിവാര്യമായ വിരമിക്കല്‍ തീരുമാനത്തിലേക്ക് നദാല്‍ എത്തിയത്.
കളിമൺ കോർട്ടിലെ രാജകുമാരൻ എന്നറിയപ്പെടുന്ന നദാൽ 22 ഗ്രാൻഡ് സ്ലാം കിരീടമാണ് സ്വന്തമാക്കിയത്. 14 ഫ്രഞ്ച് ഓപ്പണിലും നാല് യു.എസ് ഓപ്പണിലും രണ്ട് വീതം ആസ്‌ത്രേലിയൻ, വിംബിൾഡൻ ചാമ്പ്യൻഷിപ്പുകളിലും തന്റെപേരെഴുതി ചേർത്തു.