തിരുവനന്തപുരം : സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ പ്രസ്താവനക്കെതിരെ പൊലീസ്. സ്വർണ്ണക്കടത്ത് പണം നിരോധിത സംഘടനകൾ ഉപയോഗിക്കുന്നുവെന്ന് പൊലീസ് വെബ്സൈറ്റിലുണ്ടെന്ന ഗവർണറുടെ പ്രസ്താവനക്കെതിരെയാണ് പൊലീസ് വാർത്താക്കുറിപ്പിറക്കിയത്.
അത്തരമൊരു പ്രസ്താവന കേരളാ പൊലീസിന്റെ ഔദ്യോഗിക വെബ് സൈറ്റിലില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഗവർണറുടെ പ്രസ്താവന വന്ന് മണിക്കുറുകൾക്ക് ശേഷമാണ് വിശദീകരണം. പൊലീസ് ഇതുവരെ പിടിച്ച സ്വർണ്ണ, ഹവാല ഇടപാടുകളുടെ വിവരങ്ങളാണ് സൈറ്റിലുളളതെന്നും ഏതെങ്കിലും വ്യക്തി ഈ പണം ഉപയോഗിച്ചതായി സൈറ്റിലില്ലെന്നും പൊലീസ് വ്യക്തമാക്കി.
ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വച്ച് മാധ്യമങ്ങളെ കാണുമ്പോഴാണ് ആരിഫ് മുഹമ്മദ് ഖാൻ ഇത്തരമൊരു പരാമർശം നടത്തിയത്. പൊലീസ് വെബ്‌സൈറ്റിലെ ചില കണക്കുകൾ എന്ന് പറഞ്ഞായിരുന്നു ഗവർണറുടെ പ്രതികരണം. എന്നാൽ ഇത് തള്ളിയാണ് പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സ് വാർത്താക്കുറിപ്പ് പുറത്തിറക്കിയത്.
ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ സ്വർണക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രിയുടേതായി വന്ന പരാമർശങ്ങളിൽ സംസ്ഥാന സർക്കാരിനെയാകെ പ്രതിസന്ധിയിലാക്കാൻ ഗവർണർ നീങ്ങുമ്പോൾ അതിനെ രാഷ്ട്രീയമായി നേരിടാനാണ് സിപിഎമ്മിന്റേയും സർക്കാരിന്റേയും തീരുമാനം. ഈ സാഹചര്യത്തിലാണ് ഗവർണറെ തള്ളി പൊലീസും രംഗത്തുവരുന്നത്.