Kerala

മഹാരാജാസ് കോളജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ട; കെഎസ്‌യു ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ അഭിമന്യു സ്മാരകം പൊളിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. സ്മാരകം പൊളിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ നൽകിയ പൊതുതാൽപര്യ ഹരജിയാണ് ഹൈക്കോടതി തള്ളിയത്. സ്മാരകം അക്കാദമിക് പ്രവർത്തനങ്ങളെ ബാധിക്കുമെന്ന വാദം തള്ളിയ കോടതി ഹരജിയിൽ പൊതു താൽപര്യമില്ലെന്നും സ്വകാര്യ താൽപര്യം മാത്രമാണെന്നും നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസ് നിതിന്‍ ജംദര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. രണ്ട് കെഎസ്‌യു പ്രവര്‍ത്തകരാണ് കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ക്യാംപസിനുള്ളില്‍ ഒരു സംഘടന അവരുടെ പ്രവര്‍ത്തകന്റെ സ്മാരകം പണിയുന്നത് ശരിയല്ലെന്നായിരുന്നു ഹര്‍ജിയിലെ വാദം.

അഭിമന്യു സ്മാരകം ക്യാംപസിന്റെ അന്തരീക്ഷത്തെയോ അക്കാദമിക് പ്രവര്‍ത്തനങ്ങളെയോ ബാധിക്കുന്നതായി തെളിയിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് സാധിച്ചിട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

2018 ജൂലൈ രണ്ടിനാണ് എസ്എഫ്ഐ പ്രവർത്തകനും മഹാരാജാസ് കോളേജിലെ വിദ്യാർഥിയുമായ അഭിമന്യു കൊല്ലപ്പെടുന്നത്. അഭിമന്യൂ കൊല്ലപ്പെട്ട് ഒരു വർഷത്തിനു ശേഷമാണ് എസ്എഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ കോളജിൽ സ്മാരകം നിർമിച്ചത്.