Kerala

വിക്ടോറിയ കോളജ് യൂണിയന്‍ തിരിച്ചുപിടിച്ച് എസ്എഫ്ഐ; ഒമ്പതിൽ എട്ട് സീറ്റിലും ജയം

പാലക്കാട്: പാലക്കാട്‌ ഗവ. വിക്ടോറിയ കോളേജിൽ യൂണിയൻ എസ്‌എഫ്‌ഐ തിരിച്ചുപിടിച്ചു. ഒമ്പത്‌ ജനറൽ സീറ്റിൽ എട്ടും നേടി. ഏഴ് വർഷത്തിന് ശേഷം ചെയർമാൻ സ്ഥാനം എസ്എഫ്ഐ നേടി. കലിക്കറ്റ്‌ സർവകലാശാല യൂണിയൻ ചെയർപേഴ്‌സൺ കെ.എസ്.യു വനിതാ നേതാവ് നിതിൻ ഫാത്തിമയെ എസ്‌എഫ്‌ഐയുടെ പി അഗ്നി ആഷിക്കാണ്‌ പരാജയപ്പെടുത്തിയത്.

വിക്ടോറിയ കോളേജ് തിരിച്ചുപിടിച്ചതിനൊപ്പം കഴിഞ്ഞ തവണ നഷ്ടപ്പെട്ട പട്ടാമ്പി സംസ്‌കൃത കോളേജും നെന്മാറ എൻഎസ്എസ് കോളേജും എസ്എഫ്ഐ നേടി.

പട്ടാമ്പി സംസ്കൃത കോളേജ് യൂണിയനിലെ മുഴുവൻ ജനറൽ സീറ്റുകളും എസ്എഫ്ഐ വിജയിച്ചു. 40 വർഷത്തോളം എസ്എഫ്ഐ ആധിപത്യം തുടർന്ന കലാലയത്തിൽ കഴിഞ്ഞ തവണ കെഎസ്‌യു മുന്നേറ്റം ഉണ്ടാക്കിയിരുന്നു. ഇതോടൊപ്പം നെന്മാറ എൻഎസ്എസ് കോളേജിലും എല്ലാ ജനറൽ സീറ്റുകളം എസ്എഫ്ഐ സ്ഥാനാർത്ഥികൾ ജയിച്ചു.

തൃശൂർ സെന്റ് തോമസ് കോളേജിലും കെഎസ്‌യുവിന് തിരിച്ചടിയേറ്റു. ഇവിടെ ഒൻപത് ജനറൽ സീറ്റുകളിൽ എട്ട് സീറ്റിലും എസ്എഫ്ഐ സ്ഥാനാർത്ഥികളാണ് ജയിച്ചത്.

കോളജ് യൂണിയന്‍ വിജയം എസ്എഫ്‌ഐക്കെതിരെയുള്ള തെറ്റായ പ്രചാരണങ്ങള്‍ക്കുള്ള തിരിച്ചടിയെന്ന് പി എം ആര്‍ഷോ പറഞ്ഞു. മാധ്യമങ്ങളുടെ കടന്നാക്രമണങ്ങള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ പ്രതികരിച്ചുവെന്നും ജനാധിപത്യത്തിന്റെ വിജയമാണെന്നും ആര്‍ഷോ കൂട്ടിച്ചേര്‍ത്തു. തിരിച്ചടിയുണ്ടായ കോളേജുകളില്‍ പരിശോധന നടത്തുമെന്നും ആര്‍ഷോ പറഞ്ഞു.