ന്യൂഡൽഹി: ‘ഹിസ്‌ബ്-ഉത്-തഹ്‌രീറി’നെ (എച്ച്.യു.ടി) തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സാമൂഹ മാധ്യമമായ എക്സിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ജറുസലേമിൽ സ്ഥാപിതമായ ഹിസബത് തഹ്‌രീറിന്‍റെ പ്രവർത്തനങ്ങൾക്ക് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തി. ഹിസബത് തഹ്‌രീറുമായി ബന്ധമുള്ള വ്യക്തികളുടെയോ അനുബന്ധ സംഘടനകളുടെയോ പ്രവർത്തനങ്ങളാണ് 1967ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം പ്രകാരം ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്.
”ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്കും പരമാധികാരത്തിനും ഗുരുതരമായ ഭീഷണി ഉയർത്തുക, ഭീകരവാദ സംഘടനകളിൽ ചേരുന്നതിനും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുന്നതിനും യുവാക്കളെ പ്രേരിപ്പിക്കുക ഉൾപ്പെടെയുള്ള വിവിധ ഭീകരപ്രവർത്തനങ്ങളിൽ ഈ സംഘടന ഉൾപ്പെടുന്നു. ഭീകരതയുടെ ശക്തികളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് കൈകാര്യം ചെയ്ത് ഭാരതം സുരക്ഷിതമാക്കാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണ്,” ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.
ജനാധിപത്യത്തിനും ആഭ്യന്തര സുരക്ഷക്കും ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് സംഘടനക്ക് നിരോധനം ഏർപ്പെടുത്തിയതെന്ന് ഉത്തരവിൽ പറയുന്നു. ഐ.എസ് പോലുള്ള ഭീകര സംഘടനകളിൽ ചേരാനും ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കാനും യുവാക്കളെ ഭീകരപ്രവർത്തനങ്ങളിൽ ഉൾപ്പെടുത്താനും എച്ച്.യു.ടി ശ്രമിക്കുന്നു.
രാജ്യത്ത് നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളിൽ സംഘടനക്ക് പങ്കുണ്ടെന്നും സമൂഹമാധ്യമങ്ങൾ, ആപ്പുകൾ എന്നിവ വഴി യോഗങ്ങൾ സംഘടിപ്പിക്കുന്നുവെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.