കൊച്ചി: കൊച്ചിയിലെ ഹോട്ടലിൽ പോയത് സുഹൃത്തുക്കളെ കാണാനെന്ന് പ്രയാഗ മാർട്ടിൻ. ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരി കേസിലെ ചോദ്യം ചെയ്യലിന് പിന്നലെയാണ് നടിയുടെ പ്രതികരണം. രക്ത സാമ്പിളെടുക്കാന്‍ ആവശ്യപ്പെട്ടില്ലെന്നും പറഞ്ഞാല്‍ തയ്യാറാകുമെന്നും പ്രയാഗ പ്രതികരിച്ചു.
ലഹരിപ്പാർട്ടിയെ കുറിച്ച് അറിഞ്ഞില്ല. ഓം പ്രകാശിനെ അറിയില്ല. വാർത്തകൾ വന്ന ശേഷം ഗൂഗിൾ ചെയ്താണ് ആരാണ് ഓം പ്രകാശെന്ന് മനസിലാക്കിയതെന്നാണ് പ്രയാഗ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഓംപ്രകാശമായി യാതൊരു ബന്ധവുമില്ല. ഓംപ്രകാശിനെ കണ്ടതായി ഓർമ്മയില്ല. എന്തിന് ഹോട്ടലിലെത്തിയെന്നടതടക്കം എല്ലാ വിവരങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ടെന്നും പ്രയാഗ വിശദീകരിച്ചു.
‘സുഹൃത്തുക്കളെ കാണാനാണ് പോയത്. അവിടെ ലഹരി പാര്‍ട്ടി നടക്കുന്നതായി അറിയില്ലായിരുന്നു. വാര്‍ത്ത വന്നതിന് ശേഷം ഗൂഗിള്‍ ചെയ്തപ്പോഴാണ് ഓം പ്രകാശ് ആരാണെന്ന് മനസിലാക്കുന്നത്. നമ്മള്‍ പല സ്ഥലത്ത് പോകുന്നയാളുകളാണ്. അപ്പോള്‍ ഒരു സ്ഥലത്ത് പോകുമ്പോള്‍ അവിടെ ക്രിമിനലുകളുണ്ടോയെന്ന് ചോദിച്ചിട്ട് പോകാന്‍ പറ്റില്ലല്ലോ. അവിടെ പോയ സമയത്ത് പാര്‍ട്ടി ഒന്നും നടക്കുന്നുണ്ടായിരുന്നില്ല. എന്റെ പേരില്‍ എന്തൊക്കെ വ്യാജ വാര്‍ത്തകളാണ് വരുന്നതെന്ന് ഞാന്‍ വായിക്കുന്നുണ്ട്. ഞാന്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നതല്ല, എന്റെ പേരിലുള്ള വാര്‍ത്തകള്‍ ഞാന്‍ അറിയുന്നുണ്ടെന്ന് പറയുകയാണ്. തീര്‍ച്ചയായും പൊലീസ് അതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കും. അതിനുള്ള ഉത്തരം ഞാന്‍ പറഞ്ഞു’, പ്രയാഗ പറഞ്ഞു.
ലഹരിക്കേസില്‍ ചോദ്യം ചെയ്യലിന് എറണാകുളം സൗത്ത് എസിപി ഓഫീസിലാണ് ഹാജരായത്. എസിപി രാജ്കുമാര്‍ ചോദ്യം ചെയ്യാന്‍ എത്തിച്ചേര്‍ന്നു. നടന്‍ സാബു മോനും പ്രയാഗയ്‌ക്കൊപ്പം എസിപി ഓഫീസിലെത്തി. പ്രയാഗയ്ക്ക് നിയമ സഹായം ചെയ്യാന്‍ വേണ്ടിയാണ് വന്നതെന്ന് സാബു മോന്‍ പ്രതികരിച്ചു.
അതേസമയം നടന്‍ ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. അഞ്ച് മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം ശ്രീനാഥ് ഭാസി എസിപി ഓഫീസില്‍ നിന്ന് മടങ്ങി. സുഹൃത്ത് വഴിയാണ് മുറിയിലെത്തിയതെന്നും ഗുണ്ടാനേതാവ് ഓം പ്രകാശിനെ നേരിട്ട് അറിയില്ലെന്ന് ശ്രീനാഥ് ഭാസി മൊഴി നൽകി.
ദിവസങ്ങള്‍ക്ക് മുമ്പ് കൊച്ചിയില്‍ അറസ്റ്റിലായ ഗുണ്ടാ നേതാവ് ഓംപ്രകാശിനെ ഹോട്ടല്‍ മുറിയില്‍ സന്ദര്‍ശിച്ചവരില്‍ സിനിമാ താരങ്ങളായ പ്രയാഗയും ശ്രീനാഥ് ഭാസിയും ഉണ്ടെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരേയും ചോദ്യം ചെയ്യാനായി പോലീസ് വിളിപ്പിച്ചത്.