കൊച്ചി: മട്ടാഞ്ചേരിയിൽ എൽ.കെ.ജി വിദ്യാർഥിയായ മൂന്നരവയസ്സുകാരനെ ക്രൂരമായി മർദിച്ച പ്ലേ സ്കൂൾ അധ്യാപികയെ അറസ്റ്റ് ചെയ്തു. രക്ഷിതാക്കളുടെ പരാതിയിലാണ് അധ്യാപികയായ സീതാലക്ഷ്മിയെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കും.
കൊച്ചി മട്ടാഞ്ചേരിയിൽ പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിലാണ് പ്ലേസ്കൂൾ വിദ്യാർത്ഥിക്ക് ക്രൂരമർദനം ഏൽക്കേണ്ടിവന്നത്. ചോദ്യങ്ങൾക്ക് ഉത്തരം പറയാത്തതിനാണ് അധ്യാപിക കുട്ടിയുടെ മുതുകിൽ ചൂരൽ കൊണ്ട് തല്ലി പരിക്കേൽപിച്ചത്. കുട്ടിയെ തലങ്ങും വിലങ്ങും മർദിക്കുകയായിരുന്നു. കുട്ടി ആശുപത്രിയിൽ ചികിത്സതേടി.
ഇന്നലെയായിരുന്നു സംഭവം നടന്നത്. കുട്ടി വീട്ടിലെത്തിയപ്പോഴാണ് രക്ഷിതാക്കൾ ശരീരത്തിലെ പാടുകൾ ശ്രദ്ധിച്ചത്. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. കുട്ടിയെ മർദിച്ച അധ്യാപികയെ സസ്പെൻഡ് ചെയ്തതായി സ്ഥാപന അധികൃതർ അറിയിച്ചിരുന്നു.