India

ഇന്‍ഡിഗോ ഫ്‌ളൈറ്റിലെ യാത്രയ്ക്കിടെ ലൈംഗികാതിക്രമം; 43-കാരൻ പിടിയിൽ

ചെന്നൈ: ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്തിരുന്ന യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ 43-കാരന്‍ അറസ്റ്റില്‍. തൊട്ടുപിന്നിലെ സീറ്റിലിരിന്ന ഇയാള്‍ അനുചിതമായി സ്പര്‍ശിച്ചെന്നാണ് യുവതിയുടെ പരാതി. 43-കാരനായ രാജേഷ് ശര്‍മ എന്ന സെയില്‍സ് എക്‌സിക്യുട്ടീവാണ് പിടിയിലായത്.

വൈകീട്ട് ചെന്നൈയില്‍ വിമാനമിറങ്ങിയതിനു പിന്നാലെ വിമാനത്താവളത്തിലെ സ്റ്റാഫുമായി ചേര്‍ന്ന് യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. വിമാനത്താവളത്തിനു സമീപമുള്ള മീനമ്പക്കം ഓള്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. പരാതിയില്‍ ഭാരതീയ ന്യായ സംഹിത വകുപ്പ് 75 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

യാത്രയ്ക്കിടയില്‍ വിന്‍ഡോ സീറ്റിലിരിക്കുന്നതിനിടെ ഉറങ്ങിപ്പോയെന്നും പുറകിലിരുന്ന പ്രതി മോശമായി സ്പര്‍ശിച്ചുവെന്നുമാണ് യുവതി പരാതി നല്‍കിയത്. രാജേഷിനെ അറസ്റ്റ് ചെയ്തെന്നും ഇദ്ദേഹം രാജസ്ഥാന്‍ സ്വദേശിയാണെന്നും ഉദ്യോഗസ്ഥ പറഞ്ഞു.

വിഷയത്തില്‍ ഇന്‍ഡിഗോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ പൊലീസില്‍ പരാതി നല്‍കണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോള്‍ തങ്ങളുടെ ഒരു സ്റ്റാഫ് അവരുടെ കൂടെ പൊലീസ് സ്റ്റേഷന്‍ വരെ പോകുകയായിരുന്നുവെന്ന് ചെന്നൈ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.