Crime

കൈക്കൂലി കേസ്​: ഇടുക്കി ഡി.എം.ഒ റിമാൻഡിൽ

മൂവാറ്റുപുഴ: കൈക്കൂലി കേസില്‍ ഇടുക്കി ഡി.എം.ഒ റിമാൻഡിൽ. മൂന്നാറിലെ ഹോട്ടലിന്​ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ 75,000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ഇടുക്കി ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൽ. മനോജിനെ (52) മൂവാറ്റുപുഴ വിജിലൻസ് കോടതി റിമാൻഡ്​ ചെയ്തത്.

വ്യാഴാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്കാണ് റിമാൻഡ്​ ചെയ്‌തത്. അഴിമതി ആരോപണങ്ങളുടെ പേരിൽ കഴിഞ്ഞ തിങ്കളാഴ്‌ച ഡി.എം.ഒയെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്‌തിരുന്നു. ചൊവ്വാഴ്ച കേരള അഡ്‌മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണൽ സസ്പെൻഷൻ സ്‌റ്റേ ചെയ്‌തു. ഇതിന്​ പിന്നാലെ ബുധനാഴ്ച‌ ഓഫിസിൽ എത്തിയപ്പോഴാണ്​ വിജിലൻസ് അറസ്‌റ്റ് ചെയ്‌തത്.

അതേസമയം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ഒരു ലക്ഷം രൂപയാണ് ഡി.എം.ഒ കൈക്കൂലി ആവശ്യപ്പെട്ടതെന്ന് വിജിലന്‍സ് പറയുന്നു. എന്നാല്‍ ഹോട്ടല്‍ മാനേജര്‍ തുക കുറക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് ഓഫിസിലെത്തിയപ്പോള്‍ 75,000 രൂപയാക്കി കുറക്കുകയായിരുന്നു. ഡ്രൈവറുടെ ഫോണ്‍ നമ്പറില്‍ ഗൂഗിള്‍ പേ ചെയ്യാനായിരുന്നു നിര്‍ദേശം.

എന്നാല്‍ മാനേജര്‍ പണം അയച്ചതിന് പിന്നാലെ ഹോട്ടലുടമ നല്‍കിയ വിവരത്തെ തുടര്‍ന്ന് ഡോ. മനോജിനെയും ഡ്രൈവര്‍ രാഹുല്‍ രാജിനെയും വിജിലന്‍സ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.