ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട. രമേഷ് നഗർ മേഖലയിൽ നിന്ന് 200 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി. 2000 കോടി രൂപ വിലവരുന്ന മയക്കുമരുന്നാണ് ഡൽഹി പൊലീസ് ഇന്ന് പിടികൂടിയത്.
രമേഷ് നഗറിലെ വെയർ ഹൗസിൽ നിന്നാണ് കൊക്കെയ്ൻ പിടികൂടിയത്. കൊക്കെയ്ൻ കടത്താനുപയോഗിച്ച കാറിൽ ജി.പി.എസ് ഘടിപ്പിച്ചിരുന്നതാണ് സംഘത്തെ പിടികൂടാൻ സഹായകമായത്. ഈ ജി.പി.എസ് സിഗ്നൽ ട്രാക്ക് ചെയ്ത പോലീസ് ഗോഡൗണിലെത്തുകയും മയക്കുമരുന്ന് പിടിച്ചെടുക്കുകയുമായിരുന്നു.
റെയ്ഡിനു പിന്നാലെ യു.കെയിലേക്ക് കടക്കാൻ ശ്രമിച്ച പ്രതി ജിതേന്ദ്രപാൽ സിങ്ങിനെ പൊലീസ് അമൃത്സർ വിമാനത്താവളത്തിൽനിന്ന് അറസ്റ്റു ചെയ്തു. ഇയാൾ 17 വർഷമായി യു.കെയിൽ സ്ഥിരതാമസക്കാരനാണ്.
ഈ മാസം രണ്ടാംതീയതി സൗത്ത് ഡൽഹിയിലെ മഹിപാൽപുരിൽനിന്ന് 5620 കോടി വിലവരുന്ന 600 കിലോ മയക്കുമരുന്ന് പിടികൂടിയതുമായി പുതിയ സംഭവത്തിന് ബന്ധമുണ്ടെന്നാണ് കരുതുന്നത്. രണ്ടാം തീയതി പോലീസ് പിടിച്ചെടുത്തതിൽ 560 കിലോഗ്രാം കൊക്കെയ്നും 40 കിലോഗ്രാം ഹൈഡ്രോപോണിക് മരിജുവാനയുമാണ് ഉണ്ടായിരുന്നത്.