ഗസ്സ സിറ്റി: ൈദർ അൽ ബലഹിൽ അഭയാർഥി ക്യാമ്പായി പ്രവർത്തിക്കുന്ന സ്കൂളിനുനേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 28 മരണം. മരിച്ചവരിലധികവും സ്ത്രീകളും കുട്ടികളുമാണ്. 54 പേർക്ക് പരിക്കുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. സ്കൂൾ കേന്ദ്രീകരിച്ച് ഹമാസിന്റെ സൈനിക കേന്ദ്രമുണ്ടെന്നാരോപിച്ചായിരുന്നു ആക്രമണം. എന്നാൽ, ഇക്കാര്യം ഹമാസ് നിഷേധിച്ചിട്ടുണ്ട്.
സമീപ ദിവസങ്ങളിലെ ഏറ്റവും രൂക്ഷമായ ആക്രമണമാണ് മധ്യ ഗസ്സയിൽ നടക്കുന്നത്. ഖാൻ യൂനിസിൽ നടന്ന ആക്രമണത്തിൽ നാല് പേരും ജബാലിയയിൽ മൂന്ന് പേരും മരിച്ചു. ജബാലിയയിൽ ഇസ്രായേൽ സേനക്കു നേരെ ഹമാസും പ്രത്യാക്രമണം ശക്തമാക്കിയിട്ടുണ്ട്. ഇവിടെ സൈനിക വ്യൂഹത്തിന് നേരെയാണ് ഹമാസ് ആക്രമണം നടത്തിയത്. 12 സൈനിക വാഹനങ്ങളും സൈനികർ സഞ്ചരിച്ച ഒരു ട്രക്കും തകർത്തതായി ഹമാസ് അവകാശപ്പെട്ടു. ലബനാനിൽ ഇന്നും ഇസ്രായേൽ സൈന്യം യു എൻ സമാധാന പ്രവർത്തകർക്ക് നേരെ ആക്രമണം നടത്തി.
തെക്കൻ ലബനാനിലെ റാസ് നഖൂറയിൽ യുഎൻഐഎഫ്ഐഎൽ പ്രവർത്തകരുടെ ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണത്തിൽ രണ്ട് സുരക്ഷാ സേനാംഗങ്ങൾക്ക് പരിക്കേറ്റു. ലബാനിൽ നിന്ന് ഇസ്രായേലിലേക്ക് ഹിസ്ബുല്ല ഇന്നു റോക്കറ്റാക്രമണം നടത്തി.