തിരുവനന്തപുരം: ഒൻപതുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് 12 വർഷം കഠിന തടവും 42,000രൂപ പിഴയും ശിക്ഷ. അമ്പൂരി കോവില്ലൂർ കാരിക്കുഴി പറത്തി കാവുവിള കിഴക്കുംകര വീട്ടിൽ ബിജുവിനെ (48) നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജ് എസ് രമേഷ് കുമാർ ശിക്ഷിച്ചത്.
പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും പിഴ ഒടുക്കിയില്ലെങ്കിൽ 11 മാസം അധിക കഠിന തടവ് കൂടി അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.
2021 ഫെബ്രുവരി ആറിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുവീട്ടിൽ കളിച്ച ശേഷം സ്വന്തം വീട്ടിലെത്തി അനുജത്തിയുമായി ടെറസിൽ ഉണങ്ങാനിട്ടിരുന്ന കൊപ്രതേങ്ങ വാരുന്നതിനിടയിൽ പ്രതി ടെറസിൽ വച്ച് അതിജീവിതയെ ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് വിവരം അറിഞ്ഞ ബന്ധുക്കൾ സ്കൂളിലും നെയ്യാർഡാം പൊലീസിലും പരാതി നൽകുകയായിരുന്നു.