തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദം ശക്തിയേറിയതിനു പിന്നാലെ 2 ദിവസത്തിനകം തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യത തെളിഞ്ഞതോടെ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത. ലക്ഷദ്വീപിനു മുകളിൽ രൂപപ്പെട്ട ന്യൂനമർദമാണ് അറബിക്കടലിൽ ഗോവ– കർണാടക തീരത്തിനു സമീപം ശക്തിപ്രാപിച്ചത്. ഇതു 2 ദിവസത്തിനകം തീവ്ര ന്യൂനമർദമാകുമെന്നാണു പ്രവചനം.
ഇന്നും നാളെയും ശക്തമായ മഴയ്ക്കും ഞായറും തിങ്കളും അതിശക്തമായ മഴയ്ക്കുമാണു സാധ്യതയെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്