ദുബൈ: ഇറാനെതിരെ പ്രത്യാക്രമണം നടത്താൻ ഇസ്രായേൽ സുരക്ഷാ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി സിഎൻഎൻ ചാനൽ റിപ്പോർട്ട് ചെയ്തു. തീയതിയും ആക്രമണത്തിന്റെ സ്വഭാവവും തീരുമാനിച്ചിട്ടില്ല. ഇറാനെതിരെ പരിമിത സ്വഭാവത്തിലുള്ള പ്രത്യാക്രമണത്തിന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റിന്റെ അനുമതി ഇസ്രായേലിനുണ്ട്.
മേഖലയിലെ സൈനിക താവളങ്ങൾ ഉപയോഗിച്ച് ഇറാനെതിരെ ആക്രമണം നടത്തുന്നതിനെ ഗൾഫ് ഉൾപ്പെടെ അറബ് രാജ്യങ്ങൾ അനുവദിക്കില്ല. തങ്ങളുടെ വ്യോമാതിർത്തി ഇസ്രായേൽ പോർവിമാനങ്ങൾ ഉപയോഗിക്കാൻ ശ്രമിച്ചാൽ ആക്രമിക്കാൻ സേനക്ക് അനുമതി നൽകിയതായി അറബ് രാജ്യങ്ങൾ അമേരിക്കയെ അറിയിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മേഖലയിലെ യുഎസ് താവളങ്ങൾ മുഖേന തങ്ങളെ ആക്രമിച്ചാൽ ബന്ധപ്പെട്ട രാജ്യത്തിന് നേരെ തിരിച്ചടിക്കുമെന്ന് കഴിഞ്ഞ ദിവസം ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. യുദ്ധം തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ആക്രമണം നടന്നാൽ തിരിച്ചടി മാരകമായിരിക്കുമെന്നും ഇറാൻ ഇസ്രായേലിന് മുന്നറിയിപ്പ് നൽകി.
ലബനാൻ തലസ്ഥാനമായ ബൈറൂത്തിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. 120 ഓളം പേർക്ക് പരിക്കുണ്ട്. ഐക്യരാഷ്ട്രസഭ സമാധാന സേനയുടെ ലബനാൻ നാഖൂറയിലെ പ്രധാന താവളത്തിനുനേരെ ഇസ്രായേൽ സേന വെടിവെപ്പ് നടത്തിയതിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു. യുഎന്നും ഇറ്റലി ഉൾപ്പെടെ വിവിധ രാജ്യങ്ങളും ആക്രമണത്തെ അപലപിച്ചു. ചെങ്കടലിൽ രണ്ട് യുഎസ് കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതായി യെമനിലെ ഹൂതികൾ അറിയിച്ചു