World

ഇറാനെതിരെ പ്രത്യാക്രമണം നടത്താൻ ഇസ്രായേൽ

ദുബൈ: ഇറാനെതിരെ പ്രത്യാക്രമണം നടത്താൻ ഇസ്രായേൽ സുരക്ഷാ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി സിഎൻഎൻ ചാനൽ റിപ്പോർട്ട്​ ചെയ്തു. തീയതിയും ആക്രമണത്തിന്‍റെ സ്വഭാവവും തീരുമാനിച്ചിട്ടില്ല. ഇറാനെതിരെ പരിമിത സ്വഭാവത്തിലുള്ള പ്രത്യാക്രമണത്തിന്​ അമേരിക്കൻ പ്രസിഡന്‍റ്​ ജോ ബൈഡന്‍റിന്‍റെ അനുമതി ഇ​സ്രായേലിനുണ്ട്​.

മേഖലയിലെ സൈനിക താവളങ്ങൾ ഉപയോഗിച്ച്​ ഇറാനെതിരെ ആക്രമണം നടത്തുന്നതിനെ ഗൾഫ്​ ഉൾപ്പെടെ അറബ്​ രാജ്യങ്ങൾ അനുവദിക്കില്ല. തങ്ങളുടെ വ്യോമാതിർത്തി ഇസ്രായേൽ പോർവിമാനങ്ങൾ ഉപയോഗിക്കാൻ ശ്രമിച്ചാൽ ആക്രമിക്കാൻ സേനക്ക്​ അനുമതി നൽകിയതായി അറബ്​ രാജ്യങ്ങൾ അമേരിക്കയെ അറിയിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്​ യു.എസ്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു.

മേഖലയിലെ യുഎസ്​ താവളങ്ങൾ മുഖേന തങ്ങളെ ആക്രമിച്ചാൽ ബന്ധപ്പെട്ട രാജ്യത്തിന് നേരെ തിരിച്ചടിക്കുമെന്ന്​ കഴിഞ്ഞ ദിവസം ഇറാൻ മുന്നറിയിപ്പ്​ നൽകിയിരുന്നു. യുദ്ധം തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ആക്രമണം നടന്നാൽ തിരിച്ചടി മാരകമായിരിക്കുമെന്നും ഇറാൻ ഇസ്രായേലിന്​ മുന്നറിയിപ്പ്​ നൽകി.

ലബനാൻ തലസ്ഥാനമായ ബൈറൂത്തിനെ ലക്ഷ്യമിട്ട്​ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. 120 ഓളം പേർക്ക്​ പരിക്കുണ്ട്​. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സ​മാ​ധാ​ന സേ​ന​യു​ടെ ല​ബ​നാ​ൻ നാ​ഖൂ​റ​യി​ലെ പ്ര​ധാ​ന താ​വ​ള​ത്തി​നു​നേ​രെ ഇ​​സ്രാ​യേ​ൽ സേ​ന വെ​ടി​വെ​പ്പ് ന​ട​ത്തിയതിൽ ര​ണ്ട് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റു. യുഎന്നും ഇറ്റലി ഉൾപ്പെടെ വിവിധ രാജ്യങ്ങളും ആക്രമണത്തെ അപലപിച്ചു. ചെങ്കടലിൽ രണ്ട്​ യുഎസ്​ കപ്പലുകൾക്ക്​ നേരെ ആക്രമണം നടത്തിയതായി യെമനിലെ ഹൂതികൾ അറിയിച്ചു