മട്ടാഞ്ചേരി: മൂന്നര വയസ്സുകാരനെ ക്രൂരമായി തല്ലിയെന്ന പരാതിയിൽ പ്ലേ സ്കൂൾ അധ്യാപിക അറസ്റ്റിൽ. മട്ടാഞ്ചേരി ആനവാതിൽ സ്വദേശി സീതാലക്ഷ്മി (35) യാണ് അറസ്റ്റിലായത്. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്നാണ് മട്ടാഞ്ചേരി പോലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. ചോദ്യത്തിന് ഉത്തരം നൽകാത്തതിൽ പ്രകോപിതയായ അധ്യാപിക കുട്ടിയെ ചുരൽ കൊണ്ട് പുറത്തടിക്കുകയായിരുന്നു എന്നാണ് പരാതി.
മട്ടാഞ്ചേരി പാലസ് റോഡിലെ പ്ലേ സ്‌കൂളിലാണ് അധ്യാപിക ചൂരൽ ഉപയോഗിച്ച് കുട്ടിയെ തല്ലിയത്. ബുധനാഴ്ചയാണ് സംഭവം. ചൂരൽ കൊണ്ടുള്ള അടിയേറ്റ് കുട്ടിയുടെ പുറത്ത് പാടുകൾ വീണിരുന്നു. സ്കൂൾവിട്ട് വീട്ടിൽ വന്ന ശേഷമാണ് കുട്ടിക്ക് അടിയേറ്റ കാര്യം വീട്ടുകാർ അറിഞ്ഞത്. വീട്ടുകാർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രി അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്.
ഒരു മാസത്തോളമായി കുട്ടി സ്കൂളിൽ പോകുമ്പോൾ പേടി കാണിച്ചിരുന്നതായും മുൻപും ദേഹത്ത് അടിയുടെ പാടുകൾ കണ്ടിട്ടുള്ളതായും കുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞതായി പോലീസ് പറയുന്നു. മട്ടാഞ്ചേരി ഇൻസ്പെക്ടർ കെ.എ. ഷിബിന്റെ നേതൃത്വത്തിലാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. പ്ലേ സ്കൂളിലെ താത്കാലിക അധ്യാപികയാണ് സീതാ ലക്ഷ്മി. ഇവരെ ജോലിയിൽനിന്ന് ഒഴിവാക്കിയതായി സ്കൂൾ അധികൃതർ അറിയിച്ചു.
content hihglight: play-school-teacher-arrested