കൊച്ചി: ഗുണ്ടാനേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ടുള്ള ലഹരിക്കേസിൽ നടി പ്രയാഗ മാർട്ടിനും നടൻ ശ്രീനാഥ് ഭാസിക്കും നേരിട്ട് ബന്ധമില്ലെന്ന നിഗമനത്തിൽ പൊലീസ്. കഴിഞ്ഞ ദിവസം ഇരുവരെയും പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്തിരുന്നു. പ്രയാഗ മാർട്ടിന് കേസുമായി ബന്ധമില്ലെന്ന് പൊലീസ് ഉറപ്പിക്കുമ്പോഴും ബിനു ജോസഫിന്റെയും ശ്രീനാഥ് ഭാസിയുടെയും സാമ്പത്തിക ഇടപാടുകളിൽ പൊലീസിന് സംശയമുണ്ട്. ഇരുവരും തമ്മിൽ മുൻപ് ലഹരി ഇടപാട് നടന്നിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഗുണ്ടാനേതാവ് ഓംപ്രകാശിനെ പരിചയമില്ലെന്നാണ് കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്യലിൽ താരങ്ങൾ പറഞ്ഞത്. ആഢംബര ഹോട്ടലിൽ എത്തിയത് വെളുപ്പിന് നാലുമണിക്കാണെന്നും ഏഴുമണിയോടെ മടങ്ങിപ്പോയെന്നും ഇവർ പൊലീസിന് മൊഴിനൽകി. ശ്രീനാഥ് ഭാസിയും ഫ്ലാറ്റിലുള്ള സുഹൃത്തുക്കളും ചേർന്നാണ് ഹോട്ടലിൽ പോയതെന്നും പ്രയാഗ മാർട്ടിൻ പറയുന്നു. അവിടെ ആരൊക്കെ ഉണ്ടെന്ന് അറിയില്ലായിരുന്നു. വിശ്രമിക്കാൻ ഒരു മുറിയിൽ മാത്രമാണ് കയറിയത്. ഓം പ്രകാശിനെ ഹോട്ടലിൽ കണ്ടില്ലെന്നും പ്രയാഗ പറയുന്നു.
സിസിടിവി ദൃശ്യങ്ങളടക്കം കാണിച്ചാണ് ഇരുവരേയും ചോദ്യം ചെയ്തത്. ഇരുവരും കാക്കനാടുള്ള ഹോട്ടലിലെ ഡിജെ പാർട്ടിയിൽ പങ്കെടുത്ത ശേഷമാണ് ആഡംബര ഹോട്ടലിൽ എത്തിയത്. പ്രയാഗ അവിടെ നിന്നും രാവിലെ കോഴിക്കോടേക്ക് തിരിച്ചു. വാർത്തകൾ വന്ന ശേഷം ഓൺലൈനിലൂടെയാണ് ഓം പ്രകാശിനെ കുറിച്ച് അറിഞ്ഞതെന്നും പ്രയാഗ പൊലീസിനോട് പറഞ്ഞു.
അതേസമയം, ഇരുവരുടെയും ഫോൺ രേഖകൾ വിശദമായി പരിശോധിക്കും. റിമാൻഡ് റിപ്പോർട്ടിൽ പേരുള്ള മറ്റുള്ള ആളുകളുടെ മൊഴിയുമായി താരതമ്യം ചെയ്യും. പൊരുത്തക്കേട് കണ്ടെത്തിയാൽ മാത്രമേ ഇരുവരെയും വീണ്ടും വിളിപ്പിക്കുകയുള്ളൂ. പ്രയാഗക്ക് നിലവിൽ ക്ലീൻ ചിറ്റാണ് പൊലീസ് നൽകിയിരിക്കുന്നത്. ശ്രീനാഥ് ഭാസിയും പാർട്ടിക്ക് എത്തിയ ചില സുഹൃത്തുക്കളുമായുള്ള ബന്ധം വിശദമായി പരിശോധിക്കും. പ്രയാഗയ്ക്കും ശ്രീനാഥ് ഭാസിക്കും ഓം പ്രകാശിനെ നേരിട്ട് പരിചയം ഇല്ലെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഓംപ്രകാശിനെ സോഷ്യൽ മീഡിയയിൽ കണ്ടുള്ള അറിവ് മാത്രമെന്നാണ് ശ്രീനാഥ് ഭാസിയുടേയും മൊഴി.
content highlight: actress-prayaga-should-be-interrogated-again