ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ സാരി എന്ന സിനിമയില്‍ നായികയായി അഭിനയിച്ച് ശ്രദ്ധേയായി മാറിയിരിക്കുന്ന താരമാണ് നടിയും മോഡലുമായ ശ്രീലക്ഷ്മി എന്ന ആരാധ്യ ദേവി. ശ്രീലക്ഷ്മിക്ക് ആരാധ്യ ദേവി എന്ന പുതിയ പേര് സമ്മാനിച്ചതും രാംഗോപാല്‍ വർമ തന്നെയായിരുന്നു. ആരാധ്യയുടെ പിറന്നാള്‍ ആഘോഷത്തില്‍ രാം ഗോപാല്‍ വര്‍മ്മ പങ്കെടുത്തതും വലിയ ചർച്ചകൾക്ക് ഇടം നേടിയിരുന്നു.
ഇതിനിടയില്‍ ആരാധ്യയുടെ പഴയൊരു അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ അഭിമുഖത്തിൽ ഗ്ലാമറസ് റോളുകള്‍ ചെയ്യില്ലെന്നാണ് അന്ന് ആരാധ്യ പറഞ്ഞിരുന്നത്. എന്നാല്‍ സാരി എന്ന ചിത്രത്തിൽ ഗ്ലാമറസ് റോളിലാണ് നടിയെത്തിയത്. ഇതോടെ ആരാധ്യയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു.
ഇതിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് ആരാധ്യ. ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് താരം മറുപടി നൽകിയത്. മുന്‍പ് ഇത്തരം ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോള്‍ തന്റെ കാഴ്ചപ്പാടില്‍ നിന്നും മാറിയെന്നാണ് ആരാധ്യ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.
‘ഗ്ലാമർ റോളുകൾ ചെയ്യില്ലെന്ന് ഞാൻ പണ്ട് തീരുമാനമെടുത്തിരുന്നു. 22–ാം വയസ്സിൽ ഞാനെടുത്ത ആ തീരുമാനത്തെയും പറഞ്ഞ വാക്കുകളെയുമോർത്ത് ഇന്ന് ഞാൻ പശ്ചാത്തപിക്കുന്നില്ല. കാലം മാറുന്നതിനനുസരിച്ച് നമ്മുടെ വീക്ഷണങ്ങൾ മാറും ഒപ്പം ജീവിതാനുഭവങ്ങൾ നമ്മുടെ കാഴ്ചപ്പാടുകൾ മാറ്റുകയും ചെയ്യും. ആളുകളെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചുമുള്ള എന്റെ ധാരണകൾ മാറി. അന്നു ഞാൻ പറഞ്ഞതിനെക്കുറിച്ച് ഇപ്പോൾ ദു:ഖമില്ല, കാരണം അത് അന്നത്തെ എന്റെ മാനസികനില വച്ചു ഞാൻ പറഞ്ഞതാണ്. ഗ്ലാമർ എന്നത് വളരെ വ്യക്തിപരമാണ്. എന്നെ സംബന്ധിച്ച് അത് ശാക്തീകരണമാണ്. ഒരു നടിയെന്ന നിലയിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളാണ് നിർണായകമെന്ന് ഞാൻ കരുതുന്നു. ഗ്ലാമറസ് ആയതോ അല്ലാത്തതോ ആയ ഏതു റോളിനും ഞാൻ തയാറാണ്. അതെക്കുറിച്ച് എനിക്ക് പശ്ചാത്താപമില്ല. മികച്ച റോളുകൾക്കായി ആവേശത്തോടെ കാത്തിരിക്കുന്നു.’ ആരാധ്യ കുറിച്ചു.
ആരാധ്യ ദേവി നായികയായി അഭിനയിക്കുന്ന ആദ്യ ചിത്രമാണ് ‘സാരി’. എന്നാൽ പലപ്പോഴും താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങൾക്ക് താഴെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിൽ പരിഹാസം നേരിട്ടിരുന്നു. ഇൻസ്റ്റഗ്രാം റീൽസ് വിഡിയോയിലൂടെ വൈറലായ മലയാളി മോഡലാണ് ആരാധ്യ ദേവി.
STORY HIGHLIGHT: saree film actress aaradhya devi talks about glamorous role