തിരുവനന്തപുരം: കഴിഞ്ഞ കുറച്ചുനാളുകളായി പി.വി.അന്‍വറിനെ നായകനാക്കി വലിയ തരത്തിലുള്ള നാടകങ്ങളാണ് അരങ്ങേറിയിട്ടുള്ളതെന്നും അതെല്ലാ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ലക്ഷങ്ങളെ അണിനിരത്തി രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നായിരുന്നു അന്‍വര്‍ അറിയിച്ചിരുന്നത്. അതെല്ലാം പ്രഖ്യാപനങ്ങളിലും പ്രചാരണങ്ങളിലുമൊതുങ്ങിയെന്നും ഗോവിന്ദൻ പറഞ്ഞു.
അന്‍വര്‍ യഥാര്‍ഥത്തില്‍ കേരളത്തിലുടനീളം അലയുന്ന ചിത്രമാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. പാർട്ടി പ്രവർത്തകരുടെ വികാരമാണ് താൻ ഉൾക്കൊള്ളുന്നതെന്നും അവർക്ക് വേണ്ടിയാണ് താൻ രംഗത്തിറങ്ങിയതെന്നും പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട്, രാഷ്ട്രീയ പ്രഖ്യാപനം നടത്താൻ തീരുമാനിച്ച യോഗത്തിൽ പങ്കെടുത്തവർ നേരത്തെ നിലമ്പൂരിൽ പങ്കെടുത്ത ആ മേഖലയിലുള്ളവർ തന്നെയാണ്. ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ, ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യേണ്ട സ്ഥിതിയാണ് അൻവറിനുണ്ടായത്. ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾ സംബന്ധിച്ചെല്ലാം കേരളത്തിലെ ജനങ്ങൾക്ക് വ്യക്തത വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അന്‍വര്‍ ഉന്നയിച്ച വിഷയങ്ങളിലെല്ലാം സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്. എസ്പിയെ മാറ്റി. മലപ്പുറത്തെ പോലീസില്‍ നല്ല രീതിയിലുള്ള ക്രമീകരണങ്ങള്‍ വരുത്തി. എഡിജിപിയെ സംബന്ധിച്ച അന്വേഷണത്തില്‍ റിപ്പോര്‍ട്ട് കിട്ടി 24 മണിക്കൂറിനകം ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റി. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ അവസാനിച്ചിട്ടുമില്ല. ഡിജിപിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുന്നു. അനധികൃത സ്വത്ത് സമ്പാദ്യ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണവും നടക്കുന്നുന്നുണ്ട്.
ആര്‍എസ്എസ് നേതാക്കളെ കണ്ടതുമായി ബന്ധപ്പെട്ട കാര്യവും പരിശോധനയില്‍ വരും. ഇത് സിപിഎമ്മിനെതിരായി പ്രചരിപ്പിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണ്. ആര്‍എസ്എസ് നേതൃത്വുമായി രഹസ്യ ചര്‍ച്ച നടത്തിയത് കേരളത്തിലെ ജമാഅത്തെ ഇസ്ലാമിയുടെ അമീര്‍ ഉള്‍പ്പടെയുള്ളവരാണെന്നും എം.വി.ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.