തിരുവനന്തപുരം: പ്രകാശ് ബാബുവിനും വി എസ് സുനിൽ കുമാറിനുമെതിരെ വിമർശവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാർട്ടിയിൽ പല സെക്രട്ടറിമാര്‍ വേണ്ടെന്ന് ഓർമ്മിപ്പിച്ചാണ് ബിനോയ് വിശ്വത്തിന്റെ വിമര്‍ശനം. പാർട്ടിയിൽ ഒരു സെക്രട്ടറിയും ഒരു വക്താവും മതി. അത് ഞാനാണെങ്കിൽ അങ്ങനെ, മറ്റാരെങ്കിലുമാണെങ്കിൽ അയാൾ മതിയെന്ന് ബിനോയ് വിശ്വം പറഞ്ഞു.
പ്രകാശ് ബാബുവിൻ്റെ ജനയുഗത്തിലെ ലേഖനത്തിൽ നേരത്തെയും ബിനോയ് വിശ്വം വിമർശനമുന്നയിച്ചിരുന്നു. പല വക്താക്കൾ വേണ്ട ഒരു സെക്രട്ടറിയുണ്ട് ആ സെക്രട്ടറി തന്നെ പാർട്ടിയുടെ നിലപാട് പറയുമെന്നായിരുന്നു കഴിഞ്ഞ എക്സിക്യൂട്ടീവ് യോഗത്തിലും ബിനോയ് വിശ്വം സ്വീകരിച്ച നിലപാട്.
വി.എസ് സുനിൽ കുമാറടക്കമുള്ള നേതാക്കൾ തൃശൂർ പൂരം കലക്കടക്കമുള്ളവയുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിനെല്ലാമുള്ള വിമർശനമാണ് ബിനോയ് വിശ്വത്തിൻ്റേത്.
അതേസമയം, സംസ്ഥാന വിഷയങ്ങളിൽ ആനി രാജ അഭിപ്രായം പറയുമ്പോൾ സംസ്ഥാന സെന്ററുമായി ആലോചിക്കണമെന്ന് ഡി രാജയും അഭിപ്രായപ്പെട്ടു. കെ ഇ ഇസ്മയിലിനെതിരെ കടുത്ത നടപടി വേണമെന്ന് പാർട്ടി പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടുന്നു. കെ ഇ ഇസ്മയിൽ പാലക്കാട് ഡി സിയിലെ ക്ഷണിതാവാണ്. പാലക്കാട് ജില്ലാ കമ്മറ്റിക്ക് വിധേയമായി അദ്ദേഹം പ്രവർത്തിക്കണമെന്ന് ഡി രാജയും അഭിപ്രായപ്പെട്ടു.
ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും സിപിഐ ചർച്ച ചെയ്തു. പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലകൾ നേതാക്കൾക്ക് നൽകി. പാലക്കാട് കെ.പി രാജേന്ദ്രനും, ചേലക്കരയിൽ കെ. രാജനും, വയനാട് സന്തോഷ് കുമാറിനുമാണ് ചുമതല നൽകിയിരിക്കുന്നത്. വയനാട് ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിക്കെതിരായ സ്ഥാനാർഥിയെ സിപിഐ ഉടൻ തീരുമാനിക്കും.