തിരുവനന്തപുരം: ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും രാജ്ഭവനിൽ വിലക്കേർപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിരന്തരം വന്നുകൊണ്ടിരുന്നവർ ആവശ്യപ്പെട്ടിട്ടും വന്നില്ലെന്നും അവർക്ക് ഇനി രാജ്ഭവനിലേക്ക് പ്രവേശനമുണ്ടാകില്ലെന്നും ഗവർണർ വ്യക്തമാക്കി.
രാജ്യസുരക്ഷയെ ബാധിക്കുന്ന ചില കാര്യങ്ങൾ നടക്കുന്നുണ്ട്. അത് റിപ്പോർട്ട് ചെയ്യേണ്ടത് തന്റെ ഉത്തരവാദിത്തമാണ്. സ്വർണ്ണക്കടത്ത് അടക്കമുള്ള കുറ്റകൃത്യങ്ങൾ രാജ്യത്തിന് എതിരാണ്. ഇതിനെ രാജ്യവിരുദ്ധ പ്രവർത്തനം എന്നല്ലേ പറയേണ്ടതെന്നും ഗവർണർ ചോദിച്ചു.
വിവാദ മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം തനിക്ക് മനസിലാകുന്നില്ല. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അയച്ച കത്തിലെ വിവരങ്ങളും ഗവർണർ പുറത്തുവിട്ടു. സംസ്ഥാനത്ത് ദേശവിരുദ്ധ ശക്തികൾ പ്രവർത്തിക്കുന്നതായി പറഞ്ഞിട്ടില്ല എന്നാണ് മുഖ്യമന്ത്രി തനിക്ക് അയച്ച കത്തിൽ പറയുന്നത്. അദ്ദേഹത്തെ താൻ വിശ്വസിക്കാം. പക്ഷേ അതേ കത്തിൽ സംസ്ഥാനത്തെ സ്വർണക്കടത്ത് രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യമാണെന്ന് അദ്ദേഹം പറയുന്നുണ്ട്. ഇതു തമ്മിൽ വൈരുദ്ധ്യമുണ്ടെന്നും ഗവർണർ വ്യക്തമാക്കി.
ചീഫ് സെക്രട്ടറിയും ഡിജിപിയും ഹാജരാകാത്തതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ ഉന്നയിക്കുന്നത്. എന്തോ ഒളിക്കാൻ ഉള്ളത് കൊണ്ടാണ് മുഖ്യമന്ത്രി അവരെ വിലക്കുന്നത്. ഇനി മുതൽ ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്ക് വരേണ്ടെന്നും ഗവർണർ വ്യക്തമാക്കി.
വിവാദമായ മലപ്പുറം കള്ളക്കടത്ത് പരാമർശത്തിൽ വിശദീകരണം തേടി ഗവർണർ ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്കൊപ്പം നേരിട്ടെത്തി വിശദീകരണം നൽകാനാണ് നിർദേശം നൽകിയത്. എന്നാൽ ഗവർണറുടെ നിർദേശം സർക്കാർ തള്ളി കത്തയക്കുകയായിരുന്നു.