ലുസൈന്‍: ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷനുള്ള ധനസഹായം നിര്‍ത്തി വയ്ക്കുന്നതായി അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റി. കായിക താരങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് ഒഴികെയുള്ള സഹായം നിര്‍ത്തിവയ്ക്കും. ഒളിംപിക് അസോസിയേഷനില്‍ തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നാണ് നടപടി.
അസോസിയേഷനിലെ പ്രശ്‌നങ്ങള്‍ ചട്ടങ്ങള്‍ പാലിച്ചു പരിഹരിക്കണമെന്ന് ഐഒസി നിര്‍ദേശിച്ചു. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷയും നിര്‍വാഹക സമിതി അംഗങ്ങളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഐഒസി നടപടി. ഒക്ടോബര്‍ എട്ടിന് ചേര്‍ന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ എക്‌സിക്യുട്ടീവ് ബോര്‍ഡ് യോഗത്തിന്റെ തീരുമാനം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി.ഉഷയെ കത്തിലൂടെ അറിയിച്ചു.
‘എക്സിക്യൂട്ടീവ് കൗണ്‍സിലിനുള്ളില്‍ ഉന്നയിക്കപ്പെട്ട നിരവധി പരസ്പര ആരോപണങ്ങള്‍ ഉള്‍പ്പെടെ, ഐഒഎ അഭിമുഖീകരിക്കുന്ന വ്യക്തമായ ആഭ്യന്തര തര്‍ക്കങ്ങളും ഭരണ പ്രശ്നങ്ങളുണ്ട്. ഈ സാഹചര്യം വളരെയധികം അനിശ്ചിതത്വം സൃഷ്ടിക്കുന്നു, വ്യക്തത ആവശ്യമാണ്, അതിനാല്‍ കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ, ഒളിമ്പിക് സ്‌കോളര്‍ഷിപ്പുകള്‍ വഴി നേരിട്ടുള്ള പണം നല്‍കുന്നതൊഴികെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനുള്ള ഫണ്ട് തടയുന്നു’ എഒസി കത്തിലൂടെ അറിയിച്ചു.
ആരോപണങ്ങളുടെ ട്രാക്കില്‍ നില്‍ക്കുന്ന ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ തീരുമാനമുണ്ടായിരുന്നു. ഈ മാസം 25 ന് ചേരുന്ന പ്രത്യേക ഐഒഎ യോഗത്തില്‍ അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കും. ചുമതലയേറ്റെടുത്തതുമുതല്‍ ഉഷ ഇന്ത്യന്‍ കായിക മേഖലയ്‌ക്കെതിരായി പ്രവര്‍ത്തിക്കുന്നുവെന്നാണ് ആരോപണം. സമിതിയിലെ ഒരു വിഭാഗവുമായി നേരത്തെ തന്നെ ഉഷ ഉടക്കിലായിരുന്നു. അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പി ടി ഉഷയുടെ ഓഫീസും രംഗത്തെത്തി. 25ന് ചേരുന്ന ഐഒഎ യോഗത്തിന്റെ അജണ്ടയെന്ന തരത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നും പിടി ഉഷയുടെ ഓഫീസ് അറിയിച്ചു.