എറണാകുളം: തൃപ്പൂണിത്തുറ ഉദയംപേരൂരിൽ 73 സിപിഎം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. മുൻ ഏരിയ കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗവുമായ സുരേഷിന്റെ നേതൃത്വത്തിലാണ് പാർട്ടിവിടുന്നത്.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ പങ്കെടുത്ത പരിപാടിയിലാണ് പാർട്ടിമാറ്റം. വി.ഡി സതീശനാണ് ഇവർക്കുള്ള അംഗത്വം നൽകിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പു സംബന്ധിച്ചുണ്ടായ പ്രശ്നങ്ങളാണ് പാർട്ടി വിടുന്ന സാഹചര്യത്തിലെത്താൻ കാരണം. പാർട്ടി വിട്ടവരിൽ എട്ട് മുൻ ലോക്കൽ കമ്മിറ്റി അംഗങ്ങളുമുണ്ട്.
ഇടത് ആശയം കേരളത്തിലെ സിപിഐഎമ്മില്‍നിന്ന് നഷ്ടമായെന്നും ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍പോലും കഴിയാത്ത സര്‍വാധിപത്യത്തിലേക്ക് സിപിഐഎം മാറിയെന്നും എം എല്‍ സുരേഷ്, കെ. മനോജ്, എന്‍.ടി. രാജേന്ദ്രന്‍ എന്നിവര്‍ നേരത്തേ നടന്ന പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഇടതുരാഷ്ട്രീയത്തെ ഇന്ന് പ്രതിനിധീകരിക്കുന്നത് കോണ്‍ഗ്രസാണെന്ന തിരിച്ചറിവാണ് തങ്ങളെ കോണ്‍ഗ്രസില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്ന് അവര്‍ പറഞ്ഞു. ആര്‍എസ്എസുമായുള്ള ചങ്ങാത്തംപോലും ചോദ്യം ചെയ്യാന്‍ കഴിയാത്ത നിലയിലേക്ക് സിപിഐഎം എത്തി.
വര്‍ഗീയതയോട് സന്ധിചെയ്തും അധികാരം നിലനിര്‍ത്തണം എന്നത് മാത്രമാണ് ഇപ്പോള്‍ ലക്ഷ്യം. സംസ്ഥാന നേതൃത്വം മാത്രമല്ല, ഉദയംപേരൂര്‍ ഉള്‍പ്പെടെ പ്രാദേശിക നേതൃത്വവും അഴിമതിയിലും സ്വജനപക്ഷപാതത്തിലും മാഫിയ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്ന സാഹചര്യമാണ്. ഇടതുമൂല്യമുള്ള ഒരാള്‍ക്കും ആ പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ലെന്നും പാര്‍ട്ടി വിട്ടവര്‍ പറയുന്നു.
പരിപാടിയിൽ സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സർക്കാറിനെ കടന്നാക്രമിച്ചു. എല്ലാ വകുപ്പുകളിലും കെടുകാര്യസ്ഥതയാണെന്നും മതപരമായ ഭിന്നിപ്പുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു. തൃശൂരിൽ ബി.ജെ.പിയെ ജയിപ്പിക്കാൻ ആർ.എസ്.എസുമായി ഗൂഢാലോചന നടത്തി. പാർട്ടി തകർന്നെന്ന് ഭരണകക്ഷി എം.എൽ.എ തന്നെ തുറന്നു പറയുന്നു.
സ്വർണം പൊട്ടിക്കലും ഗുണ്ടായിസവും ഉൾപ്പെടെ സംസ്ഥാനത്ത് വ്യാപകമാണ്. കുറ്റവാളികൾക്ക് സർക്കാർ ജയിലിനകത്തും സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നു. തുടർഭരണം പാർട്ടിക്ക് അഹങ്കാരമായി. ബംഗാളിലെ സ്ഥിതിയാകും ഇവിടെയും. പാർട്ടിക്കാർക്ക് അടി കിട്ടുന്നതാണ് അവിടെ സ്ഥിതി. കേരളത്തിലെ സി.പി.എം ശിഥിലീകരണത്തിന്‍റെ പാതയിലാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.