ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ് തെലങ്കാന സർക്കാരിന് കീഴിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്(ഡിഎസ്പി) ആയി ചുമതലയേറ്റു. തെലങ്കാന ഡിജിപി ഓഫീസിലെത്തിയാണ് ഇന്ത്യൻ പേസർ ചാർജെടുത്തത്.
ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായതിന്റെ ആദരവായാണ് സിറാജിന് തെലങ്കാന പൊലീസിൽ നിയമനം നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. പിന്നാലെ ഹൈദരാബാദുകാരനായ സിറാജ് മുഖ്യമന്ത്രിക്കും സർക്കാരിനും നന്ദി അറിയിച്ചു.
എം.പി എം. അനിൽ കുമാർ യാദവ്, തെലങ്കാന മൈനോരിറ്റീസ് റെസിഡെൻഷ്യൽ എജ്യുക്കേഷനൽ ഇൻസ്റ്റിസ്റ്റ്യൂഷൻസ് സൊസൈറ്റി പ്രസിഡന്റ് മുഹമ്മദ് ഫഹീമുദ്ദീൻ ഖുറേഷി എന്നിവരും സിറാജിനൊപ്പം ഉണ്ടായിരുന്നു. നേരത്തെ, സിറാജിന് ഗ്രൂപ്പ്-1 സർക്കാർ പദവിയും സർക്കാർ ജോലിയും മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വാഗ്ദാനം ചെയ്തിരുന്നു. ഇതാണ് ഇപ്പോൾ ഡിഎസ്പി പദവിയിലൂടെ സർക്കാർ നിറവേറ്റിയത്.
ഡിഎസ്പിയായെങ്കിലും സിറാജ് കായികരംഗത്ത് തുടരും. സിറാജിന്റെ പുതിയ നിയമനം സംബന്ധിച്ച വിവരം തെലങ്കാന പൊലീസ് സോഷ്യൽമീഡീയയിൽ പങ്കുവച്ചു.
‘ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിനെ തെലങ്കാനയുടെ ഡിഎസ്പിയായി നിയമിച്ചു. അദ്ദേഹത്തിൻ്റെ ക്രിക്കറ്റ് നേട്ടങ്ങൾക്കും സംസ്ഥാനത്തോടുള്ള അർപ്പണബോധത്തിനും ആദരമായാണ് ഈ പദവി. തൻ്റെ പുതിയ റോളിൽ ഏവർക്കും പ്രചോദനമായി അദ്ദേഹം തൻ്റെ ക്രിക്കറ്റ് ജീവിതം തുടരും’- തെലങ്കാന പൊലീസ് എക്സ് പോസ്റ്റിൽ വിശദമാക്കി.
ഇന്ത്യയ്ക്കായി 26 ടെസ്റ്റുകളും 44 ഏകദിനങ്ങളും 16 ട്വന്റി 20യിലും സിറാജ് കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 78ഉം ഏകദിനത്തിൽ 71ഉം ട്വന്റി 20യിൽ 14ഉം വിക്കറ്റുകൾ താരം നേടിയിട്ടുണ്ട്. ഹൈദരാബാദിൽ നിന്നുള്ള ഓട്ടോ ഡ്രൈവറുടെ മകനായ സിറാജ് 12-ാം വയസിലാണ് ക്രിക്കറ്റ് ജീവിതം തുടങ്ങിയത്. 2015ലാണ് ടെന്നിസ് ബോൾ ക്രിക്കറ്റിൽ നിന്നും സിറാജ് പ്രൊഫഷണൽ ക്രിക്കറ്റിന്റെ ഭാഗമായത്. 2017ൽ ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഭാഗമായി. 2018 മുതൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ പേസറാണ് സിറാജ്. അന്നത്തെ റോയൽ ചലഞ്ചേഴ്സ് നായകനും ഇന്ത്യൻ നായകനുമായിരുന്ന വിരാട് കോഹ്‍ലിയുമായുള്ള മികച്ച ബന്ധം സിറാജിനെ ദേശീയ ടീമിന്റെ ഭാഗമാക്കി.