ചെന്നൈ: തമിഴ്നാട്ടിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. ചെന്നൈ കവരൈപേട്ടയിലാണ് ട്രെയിന്‍ അപകടം ഉണ്ടായത്. നിര്‍ത്തിയിട്ട ചരക്ക് ട്രെയിനിലേക്ക് മൈസൂര്‍-ദര്‍ബാംഗ എക്സ്പ്രസ് ഇടിച്ച് കയറുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തില്‍ 13 കോച്ചുകള്‍ പാളം തെറ്റി. മൂന്ന് കോച്ചുകള്‍ക്ക് തീപിടിക്കുകയും ചെയ്തു.
അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. എക്‌സ്പ്രസ് ട്രെയിനിലെ മുഴുവന്‍ യാത്രക്കാരേയും പുറത്തേക്ക് എത്തിക്കാനും ഗുഡ്‌സ് ട്രെയിനിലെ തീയണയ്ക്കാനുമുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
രണ്ട് ട്രെയിനുകള്‍ ഒരേ സമയം ഒരേ ട്രാക്കില്‍ വന്നതാണ് അപകടമുണ്ടാക്കിയത്. അഗ്നിശമന സേന ഉള്‍പ്പെടെ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. തിരുവള്ളൂര്‍ ജില്ലാ കളക്ടര്‍ ടി പ്രഭുശങ്കര്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും യാത്രക്കാര്‍ സുരക്ഷിതരാണെന്നും അറിയിച്ചു.
എന്‍ഡിആര്‍എഫ് സംഘം അപകട സ്ഥലത്തെത്തി. കൂടൂതൽ ആംബുലൻസുകൾ അപകട സ്ഥലത്തേക്ക് എത്തിച്ചു. അപകടത്തില്‍ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തെ തുടര്‍ന്ന് ചെന്നൈ – വിജയവാഡ റൂട്ടിൽ ട്രെയിൻ ഗതാഗതം നിർത്തിവെച്ചു.
ഹെല്‍പ് ലൈന്‍ നമ്പര്‍: 04425354151, 04424354995