തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺ കുമാറിന് ഐഎച്ച്ആർഡി ഡയറക്ടർ നിയമനത്തിനുള്ള മിനിമം യോഗ്യതയില്ലെന്ന് എഐസിടിഇ സ്റ്റാൻഡിങ് കൗൺസൽ. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പരാമർശം.
2010ലേയും 2019ലേയും ഓഫീസ് ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ഐ എച്ച് ആർഡി ഡയറക്ടർക്ക് വേണ്ട യോഗ്യത നിശ്ചയിച്ചിട്ടുണ്ടെന്ന് സത്യവാങ്മൂലത്തിലുണ്ട്. വിദ്യാഭ്യാസ യോഗ്യതയും നിശ്ചിത വർഷത്തെ പ്രവർത്തി പരിചയവുമാണ് നിയമനത്തിനുളള പ്രധാന മാനദണ്ഡം. എന്നാൽ അരുൺകുമാറിന് ഇത് ഇല്ലാത്തതാണ് തിരിച്ചടിയായത്.
അരുൺകുമാറിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് എഐസിടിഇ ഹൈക്കോടതിയിൽ മറുപടി നൽകിയിരിക്കുന്നത്.
തിരുവനന്തപുരത്ത് നടന്ന അഭിമുഖത്തിൽ അരുൺ കുമാർ പങ്കെടുത്തിരുന്നു. കൂടാതെ അഞ്ചുപേരും പങ്കെടുത്തിരുന്നു. 10 പേരായിരുന്നു അപേക്ഷകരായുണ്ടായിരുന്നത്. അരുൺകുമാർ ഒഴികെ അഭിമുഖത്തിൽ പങ്കെടുത്തവരെല്ലാം തന്നെ ഐഎച്ച്ആർഡിയുടെ കീഴിലുള്ള വിവിധ എൻജിനീയറിങ് കോളജുകളിൽ പ്രിൻസിപ്പൽമാരായും സീനിയർ പ്രൊഫസർമാരായും സേവനം അനുഷ്ഠിച്ചവരാണ്.
ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, ഡിജിറ്റൽ യൂനിവേഴ്സിറ്റി വി.സി, കുസാറ്റ് മുൻ വി.സി, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ, ഉന്നത വിദ്യാഭ്യാസ അഡീഷനൽ സെക്രട്ടറി എന്നിവരായിരുന്നു ഇന്റർവ്യൂ ബോർഡ് അംഗങ്ങൾ.