തെക്കൻ ലബനാനിൽ നിലയുറപ്പിച്ചിരിക്കുന്ന യുഎൻ സമാധാന സേനാംഗങ്ങളുടെ സുരക്ഷയിൽ ഇന്ത്യ ആശങ്ക അറിയിച്ചു. ഇസ്രായേൽ സേനയുടെ വെടിവയ്പ്പിനു പിന്നാലെയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.
ലെബനനിൽ യുഎൻ സേനയുടെ ഭാഗമായി 600 ഓളം ഇന്ത്യൻ സൈനികർ പ്രവർത്തിക്കുന്നുണ്ട്. ഇസ്രയേൽ ലെബനൻ അതിർത്തിയിൽ ബ്ലൂ ലൈൻ എന്നറിയപ്പെടുന്ന 120 കിലോമീറ്റർ ദൂരത്തിലാണ് ഇവർ നിലയുറപ്പിച്ചിരിക്കുന്നത്. ബ്ലൂ ലൈനിൽ സുരക്ഷാ സ്ഥിതി മോശമാകുന്നതിൽ ആശങ്കയുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. യുഎൻ കേന്ദ്രങ്ങളിലെ നിയന്ത്രണങ്ങൾ എല്ലാവരും ബഹുമാനിക്കണം. യുഎൻ സമാധാന സേനാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഉചിതമായ നടപടികൾ കൈക്കൊള്ളണമെന്നും മന്ത്രാലയം നിർദേശിച്ചു.
ലെബനനിലെ നഖോറയിലെ യുഎൻ ഇൻ്ററിം ഫോർസ് ആസ്ഥാനത്താണ് ഇസ്രയേൽ ആക്രമണം ഉണ്ടായത്. രണ്ട് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. എന്നാൽ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഹിസ്ബുല്ല തലവനായിരുന്ന ഹസ്സൻ നസ്രള്ളയെ ഇസ്രയേൽ കൊലപ്പെടുത്തിയതിന് പിന്നാലെ അതിർത്തി കലുഷിതമായിരുന്നു.
ഇസ്രായേലിന്റെ ആക്രമണം നടന്ന ലബനാൻ മേഖലയിൽ ഇന്ത്യയുടെ 900ലേറെ സൈനികരാണ് യുഎൻ സമാധാന സേനാംഗങ്ങളായി സേവനമനുഷ്ഠിക്കുന്നത്. ലബനാനിലെ യുഎൻ സമാധാന ദൗത്യത്തിൻ്റെ ഭാഗമായ ഇവർ ഇസ്രായേൽ- ലബനാൻ അതിർത്തിയിലെ 120 കിലോമീറ്റർ ബ്ലൂ ലൈനിൽ തങ്ങളുടെ സേവനം തുടരുമെന്ന് അധികൃതർ അറിയിച്ചു. ഇസ്രായേൽ ആക്രമണങ്ങൾക്കിടയിലും യുനിഫിലിന്റെ ഭാഗമായ ഇന്ത്യൻ സൈനികർ സുരക്ഷിതരാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.