പാലക്കാട്: ചേലക്കര, പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ സാധാരണക്കാരായ യോഗ്യരെ ലഭിച്ചാൽ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) മത്സരിപ്പിക്കുമെന്നു പി.വി.അൻവർ എംഎൽഎ. സാഹചര്യം നോക്കിയാകും തീരുമാനമെടുക്കുക. രണ്ടിടത്തും തിരഞ്ഞെടുപ്പിൽ സജീവ ഇടപെടൽ ഉണ്ടാകും. ഇരുമണ്ഡലങ്ങളിലും സിപിഎം തോൽക്കും. വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിലെ നിലപാടു തീരുമാനിച്ചിട്ടില്ല.
പാലക്കാടും ചേലക്കരയിലും സിപിഎം, ബിജെപി ധാരണയുണ്ട്. പാലക്കാട് നഗരസഭാ ഭരണം ബിജെപി, ആർഎസ്എസിന്റെ കയ്യിൽ നൽകിയതു സിപിഎമ്മാണ്. ഒരു കാലത്ത് ജില്ലയിൽ ഒന്നാമതായിരുന്ന സിപിഎം പാലക്കാട് നിയമസഭാ മണ്ഡലത്തിൽ മൂന്നാമതായത് എങ്ങനെയെന്നു ജനത്തിനും പാർട്ടിക്കാർക്കും നന്നായി അറിയാം. ബിജെപിയിലേക്കും ആർഎസ്എസിലേക്കും ഐപിഎസ് ഓഫിസർമാരെ എത്തിക്കുന്നതിന്റെ ട്രെയിനിങ് ക്യാംപായി കേരളവും സംസ്ഥാന ആഭ്യന്തര വകുപ്പും മാറുന്നു.