Kerala

15 വരെ ശക്തമായ മഴ തുടരും; എട്ട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് | Heavy rain will continue till 15th; Yellow alert today in eight districts

തിരുവനന്തപുരം: കേരളത്തിൽ 15 വരെ വ്യാപക മഴയ്ക്കു സാധ്യത. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കുന്നതാണ് മഴ കനക്കാൻ കാരണം. ചില ജില്ലകളിൽ ശക്തമായ മഴയും ലഭിക്കുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്നലെ പരക്കെ മഴ ലഭിച്ചു. ഇവിടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഇന്ന് യെലോ അലർട്ട് നൽകിയിട്ടുണ്ട്. കൊല്ലം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം.